കോട്ടയം: ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. നിരവധി ക്ഷേത്രങ്ങളും പള്ളികളുമാണ് കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ മോഷണത്തിനിരയായിട്ടുള്ളത്.
കഴിഞ്ഞ ദിവസം അന്പലക്കടവ് എസ്എൻഡിപി 782-ാം നന്പർ ശാഖയുടെ കീഴിലുള്ള ഒളശ ശങ്കരനാരായണ പുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചതാണ് മോഷണ പരന്പരയിലെ അവസാന സംഭവം.
ദിവസങ്ങൾക്കു മുന്പാണ് കഞ്ഞിക്കുഴി ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഒക്ടോബറിലാണ് അയ്മനം വല്യാട് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. എല്ലായിടത്തും കാണിക്കവഞ്ചി കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ കോട്ടയം, ചങ്ങനാശേരി പ്രദേശങ്ങളിൽ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടക്കുന്നത് പതിവായി.
കാണിക്കവഞ്ചിയിലാണ് നോട്ടം
അയ്മനം വല്യാട് 34-ാം നന്പർ എസ്എൻഡിപി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ നാലു കാണിക്കവഞ്ചികളിൽ മൂന്നും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിലെ മോഷണത്തിൽ 5000 രൂപയിലധികം നഷ്ടപ്പെട്ടതായാണ് കണക്ക്. ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ നാലംഗ സംഘമുള്ള മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞുവെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
അന്പലക്കടവ് എസ്എൻഡിപി 782-ാം നന്പർ ശാഖയുടെ കീഴിലുള്ള ഒളശ ശങ്കരനാരായണ പുരം ക്ഷേത്രത്തിലെ ആകെയുള്ള ഏഴ് കാണിക്കവഞ്ചികളിൽ ആറും കുത്തി തുറന്ന നിലയിലാണ്. ബുധനാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ 4.30 ന് ക്ഷേത്രത്തിലെത്തിയ മേൽശാന്തി വിനോദ് ശാന്തിയാണ് കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. ശാന്തി അറിയിച്ചതോടെ ശാഖാ പ്രസിഡന്റ് എൻ.എ. രാജാമണി സ്ഥലത്തെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഡിവൈഎസ്പി സന്തോഷ് കമാർ, സിഐ അനൂപ് കൃഷ്ണ, എസ്ഐ ശ്രീജിത് ജി. എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അപരിചിതരെ കാണാനായി
ബുധനാഴ്ച ദീപാരാധന സമയത്ത് ക്ഷേത്ര പരിസരത്ത് കണ്ട അപരിചിതരായ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുന്പാണ് കാണിക്കവഞ്ചികൾ അവസാനമായി തുറന്നത്. 25,000 രൂപയോളം നഷ്ടപ്പെട്ടെന്ന് കരുതുന്നതായി ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. ലാലൻ പറഞ്ഞു.
എസ്എൻഡിപി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളിൽ അടുത്ത കാലത്തുണ്ടാകുന്ന മോഷണങ്ങളിൽ ഗുരുദേവ ഭക്തർക്ക് ആശങ്കയുള്ളതായി ശാഖാ പ്രസിഡന്റ് പി.കെ. മഹേഷ് അറിയിച്ചു. വല്ല്യാടും പരിപ്പിലും ഗുരുദേവ ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു
മോഷണം നടന്ന ഒളശ ശങ്കരനാരായണ പുരം ക്ഷേത്രത്തിൽ മന്ത്രി വി.എൻ. വാസവൻ സന്ദർശനം നടത്തി. കുറ്റവാളികളെ കണ്ടെത്തുവാൻ വേണ്ട നടപടി ഉടൻ സ്വീകരിക്കണമെന്ന് പോലീസിന് അദ്ദേഹം നിർദ്ദേശം നൽകി.
എസ്എൻഡിപി കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്, പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ. വാസു, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, പഞ്ചായത്തംഗങ്ങളായ ദേവകീ ടീച്ചർ, സുനിത അഭിഷേക് തുടങ്ങിയവരും ക്ഷേത്രത്തിലെത്തി.