കോട്ടയം: ചുങ്കം സിഎംഎസ് സ്കൂളിൽ കുട്ടികൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരുക്കൂട്ടിയ പണം മോഷ്ടിച്ചതിനു പിടിയിലായ മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മണിമല പരിയാത്ത് കൃഷ്ണൻകുട്ടി (59)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂളിന്റെ ഓട് പൊളിച്ച് അകത്തു കടന്ന കൃഷ്ണൻകുട്ടി, ഇവിടെ സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന ചാരിറ്റി ബോക്സിൽ നിന്നും പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. സംഭവത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൃഷ്ണൻകുട്ടി നാഗന്പടം ബസ് സ്റ്റാൻഡിൽ സംഭവത്തിന്റെ സമീപ ദിവസങ്ങളിൽ തന്പടിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ വിലാസവും വിരലടയാളവും ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 30 കേസുകൾ കണ്ടെത്തിയത്. 2018 ൽ മുട്ടംപള്ളിയിലും, പ്രദേശത്തെ സ്കൂളിലും മോഷണം നടത്തിയത് ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സമാന രീതിയിൽ മോഷണം നടത്തിയതിന് കൃഷ്ണൻകുട്ടിക്കെതിരേ കേസുകളുണ്ട്. വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.