കാഞ്ഞങ്ങാട്: പകൽ വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങൾ വില്പന നടത്തുന്ന സെയിൽസ് എക്സിക്യൂട്ടീവായെത്തി ചുറ്റുപാടുകൾ കണ്ടുമനസിലാക്കി രാത്രിയിൽ മോഷണം നടത്തുന്ന യുവാവ് പിടിയിലായി. കഴിഞ്ഞ ജനുവരി 25ന് ചേറ്റുകുണ്ടിലെ രമ്യയുടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി (24) പിടിയിലായത്. സംഭവത്തിനുശേഷം മറ്റൊരു കവർച്ച കേസിൽ അറസ്റ്റിലായി സേലത്തെ ജയിലിൽ കഴിയുകയായിരുന്നു.
വീടിന്റെ ജനാലയ്ക്കുള്ളിലൂടെ മരവടി കടത്തി മേശപ്പുറത്തു വച്ചിരുന്ന ബാഗ് എടുത്താണ് അതിനുള്ളിലുണ്ടായിരുന്ന 1,81,500 രൂപ വില വരുന്ന സ്വർണമാലയും കാൽ പവൻ തൂക്കം വരുന്ന സ്വർണമോതിരവും 1500 രൂപയും കവർന്നത്. പൈജാമയും വെളുത്ത തലപ്പാവും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കവർച്ച നടന്ന വീട്ടിലെയും ബേക്കൽ കോട്ടക്കുന്നിലെ ചായക്കടയിലെയും സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സംസ്ഥാന വ്യാപകമായി പോലീസ് പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പകൽ നേരങ്ങളിൽ പാന്റ്സും ഷർട്ടും ധരിച്ച് എക്സിക്യൂട്ടീവ് ആയി എത്തുന്ന പ്രതി രാത്രിയിൽ ആളെ തിരിച്ചറിയാതിരിക്കാൻ പൈജാമയും തലപ്പാവും ധരിക്കുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നാണ് ഇയാൾ തിരുവനന്തപുരം സ്വദേശി അബ്ദുൾ ഹാദിയാണെന്നും ആലപ്പുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാർ കവർന്ന കേസിലെ പ്രതിയാണെന്നും തിരിച്ചറിഞ്ഞത്.
ആലപ്പുഴ പോലീസും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒട്ടേറെ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലെത്തി കണ്ണൂർ കേന്ദ്രമായ സ്വകാര്യ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവായി കഴിയുകയായിരുന്നു. കവർച്ചാശീലം ഉപേക്ഷിച്ചതുമില്ല.
സാധനങ്ങൾ വില്പന നടത്തുന്നതിനോടൊപ്പം ആകർഷകമായ പെരുമാറ്റത്തിലൂടെ വീട്ടുവിശേഷങ്ങളും ചോദിച്ചറിയുകയായിരുന്നു രീതി. അധികം ആളുകളില്ലാത്തതും പുരുഷന്മാരില്ലാത്തതുമായ വീടുകൾ തെരഞ്ഞെടുത്തായിരുന്നു മോഷണം. ചേറ്റുകുണ്ടിൽ കവർച്ച നടന്ന വീട്ടിലും തൊട്ടുമുമ്പത്തെ ദിവസം ഇയാൾ സാധനങ്ങൾ വില്പന നടത്തിയിരുന്നു.
25ന് രാത്രി കോട്ടക്കുന്നിലെ തട്ടുകടയിൽനിന്ന് ചായ കുടിച്ചതിനുശേഷമാണ് ഓട്ടോറിക്ഷയിൽ കയറി ഈ വീട്ടിലേക്ക് വീണ്ടുമെത്തിയത്. ആരെങ്കിലും കണ്ടാൽ തിരിച്ചറിയാതിരിക്കാനാണ് വേഷം മാറിയത്. പന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും തൊട്ടുമുമ്പത്തെ ദിവസം വീട്ടിലെത്തിയ സെയിൽസ് എക്സിക്യൂട്ടീവാണ് ഇതെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.
പ്രതി അബ്ദുൾ ഹാദിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആലപ്പുഴ പോലീസിൽനിന്നു ലഭിച്ച ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് തുടർന്നുള്ള അന്വേഷണം നടത്തിയത്. ചേറ്റുകുണ്ടിലെ കവർച്ചയ്ക്കു ശേഷം ബംഗളൂരുവിലും പിന്നീട് തമിഴ്നാട്ടിലുമാണ് ഈ നമ്പറിന്റെ ലൊക്കേഷൻ കാണിച്ചത്.
ഏറ്റവുമൊടുവിൽ കാണിച്ച സേലത്തെ പോലീസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് അവിടത്തെ വിദേശമദ്യ വില്പനശാലയിൽനിന്നു മദ്യം മോഷ്ടിച്ച കേസിൽ ഇയാൾ റിമാൻഡിലാണെന്ന് അറിഞ്ഞത്.ബേക്കൽ പോലീസ് സേലത്തെത്തി ഹാദിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ഏറ്റുവാങ്ങി ബേക്കലിലെത്തിച്ചു. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റു കേസുകളിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.