കൊച്ചി: കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തി വിവിധയിടങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെ തേടി പോലീസ് പരക്കം പായുന്പോഴും പ്രതി ഒളിവിൽതന്നെ. ഇതിനോടകം നിരവധി സ്ഥലങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറയുന്നു.
എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നതിനു പിന്നാലെയാണ് മുത്തുശെൽവം കൊച്ചിയിലെത്തിയതായി പോലീസ് തിരിച്ചറിഞ്ഞത്. ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ് മോഷണം നടന്നത്. സ്വർണ നാണയവും പണവുമാണു രണ്ടിടങ്ങളിൽനിന്നായി നഷ്ടമായത്.
മുന്പ് പലകുറി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ളയാളാണ് മുത്തുശെൽവം. പിന്നീട് തമിഴ്നാട് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതി ജയിൽശിക്ഷ കഴിഞ്ഞിറങ്ങി മോഷണം നടത്തിവരികയായിരുന്നു. പ്രതിയെത്തേടി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കെ രണ്ടിടങ്ങളിൽകൂടി മുത്തുശെൽവം മോഷണം നടത്തി.
ഇതിൽ ഒരു വീട്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി കാമറകളുടെ പരിശോധനയിൽനിന്നുമാണു മുത്തുസെൽവനാണ് ഈ മോഷണങ്ങൾക്കു പിന്നിലെന്നും പോലീസ് തിരിച്ചറിഞ്ഞത്. രാത്രിയിൽ ഉൾപ്പെടെ വൻ പട്രോളിംഗാണു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നടത്തിവരുന്നതെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.