വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മോഷണം വർധിച്ചിട്ടും പോലീസ് നിഷ്ക്രിയമെന്ന് നാട്ടുകാർ. എന്നാൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും വടക്കാഞ്ചേരി സിഐ പി.എസ്. സുരേഷ് അറിയിച്ചു. എങ്കക്കാട്, മങ്കര, മാരാത്ത്കുന്ന്, ഊത്രാളിക്കാവ് പരിസരം എന്നിവിടങ്ങളിൽ എട്ടോളം വീടുകളിലാണ് കഴിഞ്ഞദിവസം മോഷണ പരന്പര അരങ്ങേറിയത്.
തിരുവോണം വാരിയത്ത് രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 12000 രൂപ മോഷ്ടാക്കൾ കവർന്നു. ഇവരുടെ അയൽവാസിയായ കാക്കതുരുത്തിയിൽ മത്തായിയുടെ വീട്ടിൽനിന്ന് സ്കൂട്ടർ കവർന്നെങ്കിലും സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
പൂക്കുന്നത്ത് വീട്ടിൽ കൃഷ്ണദാസിന്റെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അകത്തെ റൂമിന്റെ വാതിൽ തകർക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ തൊട്ടുപിറകിലുള്ള റെയിൽ പാളം വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മിനിറ്റുകൾക്കകം പൂക്കുന്നത്ത് വിജയന്റെ വീട്ടിലെത്തിയ സംഘം സമാനരീതിയിൽ വീടിന്റെ വാതിൽ തകർക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ വാരിവലിച്ചിടുകയും ചെയ്തു. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു. പിന്നീട് മോഷ്ടാക്കൾ കുന്നത്തുള്ളി രവീന്ദ്രന്റെ വീടിന്റെ വാതിൽ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
തളിയിൽനിന്ന് കവർന്ന കണ്ണന്റ ബൈക്ക് തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ വാഴക്കോട് ഫ്ളൈവെൽ വളവിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ മുന്നിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വന്നുപ്പെട്ടെങ്കിലും ബൈക്ക് ഉപേക്ഷിച്ച് മൂന്നുപേർ ഓടിരക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം മങ്കര അബ്ദുള്ള റോഡിലുള്ള അയിഷയുടെ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസുകാരന്റെ മാലയും അരഞ്ഞാണവും മോഷ്ടിച്ചതിനു തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയിലെ മോഷണശ്രമങ്ങൾ.