കോട്ടയം: അന്തർസംസ്ഥാന മോഷണ സംഘത്തെ നേരിടാൻ അതീവ ജാഗ്രതയോടെ പോലീസ്. അപരിചിതരെ പരിശോധിക്കുന്ന പ്രത്യേക ഗ്രൂപ്പുകൾ (സ്ട്രെയ്ൻജെഴ്സ് ചെക്കിംഗ്) പോലീസ് ആരംഭിച്ചു. കൊച്ചിയിലും കാസർഗോഡും വീടു കയറി കൊള്ള നടത്തിയതിനെ തുടർന്നാണ് എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയത്. കോട്ടയം ജില്ലയിലെ സ്റ്റേഷനുകളിൽ ജനകീയ പങ്കാളിത്തതോടെ രാത്രി പട്രോളിംഗ് നടത്താൻ ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ് നിർദേശം നൽകി.
പരിശോധനയുടെ ഭാഗമായി എ ആർ ക്യാന്പിൽനിന്ന് കൂടുതൽ പോലീസുകാരുടെ സഹായവും തേടിയിട്ടുണ്ട്. ജനമൈത്രി പദ്ധതി നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളിൽ സിഐമാരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ രാത്രി പട്രോളിംഗ് ആരംഭിച്ചു. സംശയം തോന്നുന്നവരെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുന്നുണ്ട്. തൃപ്പൂണിത്തുറ സംഭവത്തിൽ കവർച്ചക്കാരെ പിടികൂടാൻ കഴിയാത്തതിനാൽ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാ മുന്നറിയിപ്പും നിർദേശങ്ങളും നൽകി ഐജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോട്ടയത്തെ ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും നഗരമധ്യത്തിലെ ഇട റോഡുകളിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. സംശയം തോന്നുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അപ്പോൾ തന്നെ ഇവ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
മോഷണങ്ങൾ കൂടുതലും നടത്തുന്നത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള സ്ഥലങ്ങളിലായതിനാൽ പോലീസ് റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകൾ ഉൗർജിതമാക്കി. ഏറ്റുമാനൂർ, ചിങ്ങവനം റെയിൽവേ സ്റ്റേഷനുകളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അധികം ആളുകൾ കയറാത്ത സ്റ്റേഷനുകളിൽ മോഷണ സംഘം വന്നിറങ്ങി ഇടവഴികളിലൂള്ള വീടുകൾ കയറി മോഷണശ്രമം തടയുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ പരിശോധനകൾ വ്യാപിച്ചത്.
പോലീസിന്റെ നിർദേശങ്ങളിൽ പുലരുംവരെ വീടിന്റെ മുൻവശത്തും അടുക്കള ഭാഗത്തും നിർബന്ധമായി ലൈറ്റ് ഓഫാക്കാതിരിക്കുക, രാത്രി ആര് കോളിംഗ് ബെൽ അടിച്ചാലും നിരീക്ഷിച്ചശേഷം വാതിൽ തുറക്കുക, പോലീസ് സ്റ്റേഷൻ, അയൽവാസികൾ എന്നിവരുടെ ഫോണ് നന്പർ കരുതിവെക്കുക, വീട്ടിലും പരിസരത്തും മാരകായുധങ്ങൾ ഉപേക്ഷിക്കരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.