പയ്യന്നൂര്‍: ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ നിന്നും മൊബെല്‍ ഫോണ്‍ കവര്‍ന്ന് മുങ്ങിയതിനിടയില്‍ പയ്യന്നൂരില്‍ പിടിയിലായത് ഈ രംഗത്തെ “പഠിച്ച കള്ളൻ’.
പിടിയിലായ ചിറ്റാരിക്കല്‍ കണ്ണിവയല്‍ ആയന്നൂരിലെ പി.ജെ. ഷൈജു ജോസഫ് (35)നെ പയ്യന്നൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ മോഷണത്തിലെ “പ്രഫഷണല്‍ ടച്ച്’ ബോധ്യപ്പെട്ട പോലീസും ഞെട്ടിയത്.
വീടിനകത്ത് കയറി മോഷ്ടിക്കാറില്ലാത്ത ഇയാള്‍ വീട്ടുകാര്‍ വരാന്തയില്വെക്കുന്ന ഫോണുകളും വാച്ചുകളുമാണ് പതിവായി അപഹരിക്കാറുള്ളത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുറത്തുപോയി വരുന്നവര്‍ വസ്ത്രമുള്‍പ്പെടെ വരാന്തയില്‍ വച്ചശേഷം കുളി കഴിഞ്ഞേ വീടിനകത്ത് കയറാറുള്ളു. എല്ലാവരും ശീലമാക്കിയ ഈ സാഹചര്യം പരമാവധി മുതലാക്കിയാണ് ഇയാളുടെ മോഷണം.
ഫോണ്‍ കാണാതെ വരുമ്പോള്‍ മോഷ്ടിക്കപ്പെട്ടതാണോ കളഞ്ഞുപോയതാണോ മറ്റെവിടേയെങ്കിലും വച്ചതാണോയെന്നറിയാതെ ഉടമ കുഴങ്ങുന്നതിനാല് പരാതിപ്പെടാനും പോകില്ല. ഇതാണ് മോഷ്ടാവ് അനുകൂല ഘടകമാക്കി മാറ്റിയിരുന്നത്.
ഇയാള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിങ്ങിനുപോലും കണ്ടെത്താനാവില്ല. അവിടെയാണ് മൊബൈല്‍ നിര്‍മാണ കമ്പനികളെവരെ ഞെട്ടിക്കുന്ന ഇയാളുടെ സാമര്‍ഥ്യം പ്രകടമാക്കുന്നത്.
മൊബൈലിലെ സിംകാര്‍ഡ് ആദ്യംതന്നെ ഊരിമാറ്റിയശേഷം കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഫോണിന്റെ ലോക്ക് തകര്‍ക്കും. ഐഎംഇഐ അടക്കം മൊബൈല്‍ കണ്ടെത്താന്‍ സഹായിക്കുന്ന എല്ലാ ബന്ധങ്ങളും തകര്‍ക്കുന്നതോടെ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ ഡാറ്റകളും ഇല്ലാതാവുകയും ഫോണ്‍ ഫ്രഷാവുകയും ചെയ്യും.
ഇതോടെ എത്ര വിദഗ്ദര്‍ കിണഞ്ഞ് ശ്രമിച്ചാലും ഫോണ്‍ കണ്ടെത്താനുമാകില്ല. രാത്രിസമയത്ത് ആരുകണ്ടാലും ഇയാളെ സംശയിക്കാതിരിക്കാന്‍ ബസ് ജീവനക്കാരനാണെന്ന് തോന്നിപ്പിക്കുംവിധത്തില്‍ കാക്കിഷര്‍ട്ട് ധരിച്ചാണ് നടക്കാറുള്ളത്.
കഴിഞ്ഞ ദിവസം പെരിങ്ങോത്ത് തങ്ങിയശേഷം പയ്യന്നൂരിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.കമ്പല്ലൂരിലെ വാണിശേരി ഹൗസില്‍ ദിബിന് ജോയിയുടെ മൊബെല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്നലെ രാവിലെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഇയാള്‍ പിടിയിലായത്.
എസ്ഐ മനോജ് കാനായിയാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ഫോണിന്റെ സിം കാര്‍ഡുള്‍പ്പെടെ എട്ടുസിംകാര്ഡുകള് ഇയാളില്‍നിന്ന് കിട്ടിയിരുന്നു. ചിറ്റാരിക്കലില്നിന്നും മോഷ്ടിച്ച ഫോണ്‍ തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ വിറ്റതായും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ചിറ്റാരിക്കാല്‍ പോലീസിന് പ്രതിയെ കൈമാറി. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാള്‍ ചെറുപുഴയില്‍ നിന്നും മോഷണ കേസില്‍ പോലീസ് പിടിയിലായിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്ത ദിവസമാണ് പുറത്തിറങ്ങി വീണ്ടും മോഷണം തുടങ്ങിയത്.