റായ്പൂർ: മോഷ്ടിക്കാൻ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളൻ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പോലീസിൽ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു.
ഛത്തീസ്ഗഡിലാണ് സംഭവം.സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന വിനയ് കുമാർ(28) ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
മോഷ്ടിക്കാനായി രാത്രി ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ ദമ്പതികൾക്ക് ഇയാൾ വാട്സ്ആപിലൂടെ അയച്ചു നൽകുകയും ചെയ്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
എന്നാൽ വാട്സ്ആപിലൂടെ ദൃശ്യങ്ങൾ ലഭിച്ചപ്പോൾ ദമ്പതികൾ ഞെട്ടിയെങ്കിലും പണം നൽകാൻ തയാറായില്ല. തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി.
വാട്സ്ആപിൽ അയച്ച മെസേജും ഫോൺ കോൾ വന്ന നമ്പറും ഉണ്ടായിരുന്നതിനാൽ പോലീസിന് കള്ളനെ പെട്ടെന്ന് തന്നെ പിടികൂടി അറസ്റ്റ് ചെയ്യാനും സാധിച്ചു. മോഷ്ടിച്ച ഫോണിലാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചതും.