ലക്നോ: മോഷ്ടിക്കാനായി എത്തുന്ന കള്ളന്മാർ രക്ഷപ്പെടാനുള്ള വഴിയും കണ്ടുപിടിച്ചിട്ടാണ് രംഗത്തിറങ്ങുന്നത്. എന്നാൽ എപ്പോഴും ഈ കള്ളത്തരങ്ങൾ അവരെ രക്ഷിക്കില്ല. ചിലപ്പോൾ കള്ളന്മാരുടെ മണ്ടത്തരങ്ങൾ തന്നെ അവരെ വെട്ടിലാക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു ഡോക്ടറിന്റെ വീട്ടിൽ മോഷ്ടിക്കാനായെത്തിയ കള്ളൻ മോഷണമെല്ലാം നടത്തി മടങ്ങാനൊരുങ്ങിയപ്പോൾ എസിയുടെ തണുപ്പിൽ ചെറുതായൊന്ന് മയങ്ങാൻ തീരുമാനിച്ചു. ഉറക്കം എഴുനേറ്റതോ പോലീസിന്റെ കാവലിൽ. ഉത്തർപ്രദേശിലെ ലക്നോവിലാണ് സംഭവം.
വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡ്യ എന്ന ഡോക്ടറുടെ വീട്ടിലാണ് കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്യുന്നതിനാൽ തന്നെ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതും സാധനങ്ങൾ വലിച്ച് വാരിയിട്ടിരിക്കുന്നതും കണ്ട് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കാണുന്നതാവട്ടെ മോഷണം നടത്തി സുഖമായി കിടന്നുറങ്ങുന്ന കള്ളനെയാണ്. അലമാര തകർത്തു, പണവും മറ്റു സാധനങ്ങളും കൈക്കലാക്കിയതിന് ശേഷമാണ് വിശ്രമിക്കാനായി ഇയാൾ കിടന്നത്.
മദ്യത്തിന്റെ ലഹരിയിൽ എസിയിട്ട് അൽപനേരം കിടന്നുറങ്ങുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. തുടർന്ന് മോഷണക്കുറ്റം ചുമത്തിഅറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.