നല്ലകള്ളൻ, മാന്യനായ കള്ളൻ എന്നൊക്കെ കേൾക്കുന്പോൾ കള്ളന്മാരിൽ അങ്ങനെയുള്ളവർ ഉണ്ടോയെന്നു സംശയിച്ചേക്കാം. എന്നാൽ, മധ്യപ്രദേശിലെ ഖാർഗോണിൽ കട കൊള്ളയടിക്കാൻ കയറിയ കള്ളൻ ചെയ്തതു കണ്ടാൽ ആ സംശയം അതോടെ തീരും. കഴിഞ്ഞ ദിവസം രാമനവമി ആഘോഷത്തിന്റെ അവധിക്കിടയിലാണു ജമീന്ദർ മൊഹല്ലയിലെ ജുജാർ ബൊഹ്റയുടെ കട കൊള്ളയടിക്കപ്പെട്ടത്.
2.46 ലക്ഷം രൂപ കവർന്ന കള്ളൻ, ക്ഷമാപണക്കത്ത് എഴുതി കടയിൽ വച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോഷണം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നെന്നും ആറ് മാസത്തിനുള്ളിൽ മോഷ്ടിച്ച തുക തിരികെ നൽകുമെന്നും കത്തിൽ കള്ളൻ കുറിച്ചിരുന്നു.
താൻ കടം മേടിച്ചവർ അത് തിരികെ നൽകാത്തതുകൊണ്ടാണു മോഷണം നടത്തിയതെന്നും കടയുടമയെ തനിക്കു നന്നായി അറിയാമെന്നും പിന്നീട് എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ താൻ തയാറാണെന്നും കത്തിലുണ്ടായിരുന്നു. 37,000 രൂപ കൂടി പണമായി കടയിൽ ഉണ്ടായിരുന്നെങ്കിലും കള്ളൻ അതെടുത്തിരുന്നില്ല. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു “നല്ലകള്ള’നായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.