തിരുവല്ല: കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നും 35 പവന് സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്. കറ്റോട് വല്യവീട്ടില്പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സംഭവ സമയം സാബുവിന്റെ മരുമകള്‍ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
വിടിന്റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മരുമകള്‍ മുത്ത് വീടിന്റെ താഴത്തെ നിലയിലായിരുന്നു.
ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. സാബുവിന്റെ അയല്‍വാസിയുടെ വീട്ടില്‍ കര്ട്ടന് വില്പനയ്ക്കെത്തിയ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.
ജസ്റ്റിൻ കണ്ടത് ആരെ?
അയല്‍വാസിയുടെ വീടിന്റെ മതില് വഴി സാബുവിന്റെ വീടിന്റെ ഷേഡിലൂടെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സാബുവിന്റെ വീടിന്റെ ഷേഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കുഞ്ഞുമോളുടെ മകന് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ തന്നെ ജസ്റ്റിന് മാതാവ് കുഞ്ഞുമോളെ വിവരമറിയിച്ചു. ഇവര്‍ സാബുവിന്റെ വീട്ടിലെത്തി വിവരമറിയിച്ചു. തുടര്‍ന്ന് മുത്തും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞതെന്നു പറയുന്നു.
തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തറിന്റെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി പറയുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.