തുറവൂർ: ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും മോഷണം. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് മോഷണങ്ങൾ നിരവധി അരങ്ങേറി. ഇതുവരെയും ഒരാളെ പോലും പിടികൂടാനായിട്ടില്ല. കോടംതുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡിൽ അഭിരാമം വീട്ടിൽ വിനോദിന്റെ വീട്ടിലാണ് ഏറ്റവും അവസാനം മോഷണം നടന്നിരിക്കുന്നത്.
16പവനും ഏഴായിരം രൂപ സൈക്കിൾ എന്നിവയാണ് മോഷണം പോയത്. ഞയറാഴ്ച പുലർച്ചെ രണ്ടിനുശേഷമാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരുമെത്തി തെളിവ് ശേഖരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഈ മേഖലയിൽ നടന്ന രണ്ടാമത്തെ മോഷണമാണ് ഇത്.
കഴിഞ്ഞ ദിവസം പാട്ടുകുളങ്ങര ഭാഗത്തെ മൂന്നുവീടുകളിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും സ്വർണവും പണവും മോഷണം പോയിരുന്നു. കുത്തിയതോട് പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും ഒരാളെപ്പോലും പിടികൂടാനായിട്ടില്ല. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ, ജീപ്പ്, ബൈക്ക്, കാൽനട പട്രോളിംഗ് നിലച്ചതും മോഷ്ടാക്കൾക്ക് വിലസാൻ സഹായമാകുന്നു.