ചങ്ങനാശ്ശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ കള്ളന്റെ ലീലാവിലാസങ്ങള്‍ പോലീസിനെ വലച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ്(40) പോലീസിന് തലവേദനയായത്. നഗരമധ്യത്തിലെ പഴക്കടയില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്.
പിടിയിലായതോടെ ചങ്കുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സുനിലിനെ പോലീസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ യാതൊരു രോഗവും കണ്ടെത്താനായില്ല. തൊട്ട് പിന്നാലെ തന്റെ വലതുകൈക്ക് ഒടുവുണ്ടെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നായി ആവശ്യം. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി.
ബാന്‍ഡേജ് ഇട്ട് തിരികെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു കാട്ടി ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന് എസ്ഐ ഷമീര്‍ഖാന്‍ പറഞ്ഞു. ബൈക്ക് പട്രോളിങ് നടത്തിയ അനില്‍ പി.കുമാര്‍, കലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.