തളിപ്പറമ്പ്: കാര്‍ സ്റ്റേഷനില്‍ വയ്ക്കണം, മഴയെങ്ങാനും പെയ്താല്‍ അകത്തേക്ക് വെള്ളം കടക്കും, മൊഴി നല്‍കണം, ഇങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ട്, കേസ് വേണോ…? കാറിന്റെ ചില്ല് തകര്‍ക്കപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവരോട് ചില പോലീസുകാരുടെ നയതന്ത്ര ഇടപെടല്‍ ഇങ്ങനെയാണ്. പോയതോ പോയി, ഇനി അതിന്റെ പേരില്‍ ചുറ്റിത്തിരിയാന്‍ വയ്യ. പരാതിക്കാരന് തകര്‍ന്ന കാറുമായി സ്ഥലംവിടും.
പോലീസിന് ദീര്‍ഘനിശ്വാസം. തളിപ്പറമ്പില്‍ തുടര്‍ന്നുവരുന്ന കാർ തകര്‍ക്കല്‍ കവര്‍ച്ചകള്‍ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് പോലീസ് ഈയൊരുമാര്ഗം സ്വീകരിച്ചത്. പരാതികള്‍ പരമാവധി മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു ഗുട്ടന്‍സ്. തളിപ്പറമ്പ് നഗരം ഇരുട്ടു വീണാൽ അരാജകത്വത്തിന്റെ പിടിയിലമരുന്ന കാഴ്ച്ചയാണിപ്പോള്‍.
എന്തൊക്കെ നിയമലംഘനങ്ങള്‍ നടത്തിയാലും ആരും ചോദിക്കാന്‍ വരില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. സ്വന്തം വാഹനത്തില്‍ നഗരത്തിലെത്തി ഷോപ്പിംഗ് നടത്തി സമാധാനമായി വീട്ടിലേക്ക് തിരിച്ചുപോകാമെന്ന വിചാരം ആര്‍ക്കുമില്ല. കാറിനകത്ത് ഒരു സാധനവും സുരക്ഷിതമല്ല. ജനുവരി 17 നാണ് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. എന്നാല്‍ ബാഗില്‍ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്.
മൊയ്തീന് തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി ഒന്‍പതോടെ നെല്ലിപറമ്പില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. റോഡരികില്‍ കാര്‍ നിര്‍ത്തി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. അന്നേ ദിവസം തന്നെ മണിക്കൂറുകള്‍ക്കുള്ളിലാണ് പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകര്‍ത്ത് സീറ്റില്‍ വെച്ചിരുന്ന ബാഗ് കവര്‍ന്നത്.
രണ്ടേകാല്‍ ലക്ഷം രൂപയും ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, തുടങ്ങിയ രേഖകളുമാണ് അബ്ദുള്ളക്ക് നഷ്ടപ്പെട്ടത്. ഫെബ്രുവരി ഒന്നിന് പട്ടാപകലാണ് മന്നയിലെ വ്യാപാരിയായ ഉമ്മര്‍ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്. തളിപ്പറമ്പ നഗരസഭാ ഓഫീസിന് സമീപത്തെ പള്ളിയില്‍ ഉച്ചക്ക് ജുമാ നിസ്കാരത്തിന് എത്തിയതായിരുന്നു ഉമ്മര്‍ കുട്ടി. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നിട്ടുള്ളത്.
മോഷണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തസ്കരന് പിടിയിലായില്ല. ജനുവരിയില്‍ നടന്ന മോഷണത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് പട്ടാപകല്‍ ഉമ്മര്‍ കുട്ടിയുടെ വണ്ടി തകര്‍ത്ത് പണം അപഹരിച്ചത്. തളിപ്പറമ്പിലെ എബിസി ഗ്രൂപ്പിന്റെ പാര്‍ട്ട്ണറും ഏഴാംമൈല്‍ സ്വദേശിയുമായ തസ്ലിമിന്റെ ഇന്നോവ വണ്ടിയുടെ പിന് നിരയിലെ ചില്ല് തകര്‍ത്ത് സീറ്റില്‍ വച്ചിരുന്ന രേഖകള്‍ അടങ്ങിയബാഗും കവര്‍ച്ച ചെയ്തിരുന്നു.
രാത്രി 10.30ന് മന്ന- ആലക്കോട് റോഡിലെ സ്വകാര്യ സ്കൂളിന് സമീപം വാഹനം നിര്‍ത്തിയിട്ട് കുറച്ച് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. വടക്കാഞ്ചേരിയിലും കുപ്പത്തും പുഷ്പഗിരിയിലും ഫെബ്രുവരിയില്‍ കാര്‍ തകര്‍ക്കല്‍ നടന്നു.മാര്‍ച്ച് 29 ന് മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കെഎല്‍ 11 ബിഎച്ച് 876 നമ്പര്‍ എറ്റിയോസ് കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടത്.
ഏപ്രില്‍ മാസത്തില്‍ സര്‍സയ്യിദ് കോളജിന് സമീപവും സയ്യിദ്നഗറിലും പുഷ്പഗിരിയിലും കാര്‍ തകര്‍ക്കല്‍ നടന്നു. പോലീസിന്റെ നയതന്ത്ര ഇടപെടല്‍ കാരണം പല കേസുകളിലും രേഖാമൂലം പരാതിലഭിച്ചില്ല എന്നത്കൊണ്ട് പോലീസിന് ആശ്വസിക്കാമെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ കാറുമായി വന്ന് നഗരത്തില്‍ പാര്‍ക്ക്ചെയ്ത് പോകാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. ഈ ഭയത്തിന് പരിഹാരം കണാനുള്ള തന്ത്രമറിയാതെ വലയുകയാണ് പോലീസ്..വാടാ പോലീസേ വന്ന് പിടിക്ക് എന്ന ഭീഷണിയുമായി കള്ളന് അർമാദം തുടരുന്നു.