മോഷണദൃശ്യങ്ങള്‍ എസ്‌ഐ ഫേസ്ബുക്കില്‍ ഇട്ടതോടെ കുട്ടിക്കള്ളന് ടെന്‍ഷനായി; ഒടുവില്‍ ചോരകൊണ്ട് മാപ്പെഴുതി മോഷണ മുതല്‍ ഉടമയ്ക്ക് തിരിച്ചു നല്‍കി; തന്റെ ജീവിതം തകര്‍ക്കരുതേയെന്ന അപേക്ഷയും…

തിരുവനന്തപുരം: ഒരാളുടെ ബാഗ് മോഷ്ടിച്ച ശേഷം പണം മാത്രം എടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമസ്ഥന് അയച്ചു നല്‍കുന്ന നല്ലവരായ കള്ളന്മാരുടെ കഥകള്‍ ഇടയ്ക്കിടെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരക്കാരെ നന്മ നിറഞ്ഞ കള്ളന്മാരായി നാം വാഴ്ത്താറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനായ ഒരു കള്ളന്‍ പിറവിയെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടില്‍ മോഷണം നടത്തിയപ്പോള്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായതോടെ ചൊര കൊണ്ട് മാപ്പെഴുതിയാണ് മോഷ്ടാവിന്റെ കുമ്പസാരം.

പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടില്‍ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയില്‍ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ടെന്‍ഷനടിച്ചു ‘നന്നായത്.’ ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസില്‍ പരാതി നല്‍കിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്‌ഐ ബി.കെ.അരുണ്‍ ഫേസ്ബുക്കിലിട്ട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി.

ചോരയിലെഴുതിയ ക്ഷമാപണത്തിനൊപ്പം, മോഷ്ടിച്ച ചെരിപ്പുകളും മറ്റു സാധനങ്ങളും രണ്ടു ദിവസങ്ങള്‍ക്കു ശേഷം കക്ഷി നിസാമിന്റെ വീടിനു മുന്നില്‍ കൊണ്ടുവച്ചു. താന്‍ പഠിക്കുന്ന പയ്യനാണെന്നും ജീവിതം തകര്‍ക്കരുതെന്നും പൊലീസ് പിടിച്ചാല്‍ മറ്റു കേസുകളിലും പ്രതിയാക്കുമെന്നുമാണു കത്തില്‍. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ടെന്‍ഷന്‍ കാരണം ചാകാറായെന്നും കത്തില്‍ പറയുന്നു. മോഷണം പോയ സാധനങ്ങളെല്ലാം കേടുപാടുകൂടാതെ തിരികെ കിട്ടിയ സന്തോഷത്തിലാണു പരാതിക്കാരന്‍. കള്ളന്റെ അപേക്ഷയെ തുടര്‍ന്ന് കേസ് തുടരുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. കള്ളന് മാനസാന്തരം വന്ന സ്ഥിതിയ്ക്ക് കേസ് ഒഴിവാക്കാന്‍ തന്നെയായിരിക്കും പോലീസുകാരുടെയും തീരുമാനം എന്നു പ്രതീക്ഷിക്കാം.

 

Related posts