മലപ്പുറത്തുനിന്നാണ് ഈ വാര്‍ത്ത. അവിടെ പല വീടുകളുടെയും മതിലുകളില്‍ അടുത്തിടെയായി സുന്ദരന്‍ ചിത്രങ്ങള്‍ കണ്ടു. ആരു വരച്ചെന്നോ എന്തിനു വരച്ചെന്നോ ഉടമസ്ഥനു വരെ അറിയത്തില്ലാത്ത അവസ്ഥ. ആളുകള്‍ അത്ര കാര്യമായെടുത്തില്ല. എന്നാല്‍, ഇങ്ങനെ ചിത്രപ്പണി നടക്കുന്ന മതിലുകളിലുള്ള വീടുകളില്‍ മോഷണം പതിവായതോടെ പോലീസിന് ലഡു പൊട്ടി.
അടുത്തിടെ തസ്കര സംഘത്തിലെ ഒരു പ്രമുഖന്‍ പോലീസിന്റെ പിടിയിലായി. അണ്ണനെ അടിച്ചൊന്നു പിഴിഞ്ഞതോടെയാണ് ചില സത്യങ്ങള്‍ പുറത്തുവന്നത്. അതായത്, മലപ്പുറത്തെ ചില മോഷണസംഘങ്ങള്‍ ജോലി എളുപ്പമാക്കുന്നതിന് ഒരു തന്ത്രം രൂപീകരിച്ചു. പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് പണിയെടുക്കാന്‍ പറ്റുന്ന വീടുകള്‍ നോക്കിവയ്ക്കും. കൂട്ടത്തില്‍ ചിത്രപ്പണി അറിയാവുന്നയാള്‍ മതിലില്‍ ചിത്രപ്പണി നടത്തും. ഇങ്ങനെ ചിത്രപ്പണി നടത്തുന്ന വീടുകള്‍ രാത്രി വരുമ്പോള്‍ എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. മോഷണവും പണ്ടത്തേക്കാള്‍ ഈസി.
ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും പ്രത്യേകതയുണ്ട്. വീടുകളുടെ സാമ്പത്തിക, ചുറ്റുപാടുകളെ അടിസ്ഥാനമാക്കി പലവിധ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ആറു ചിഹ്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നുവെന്ന് പോലീസ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. വളരെ റിസ്കുള്ളത്, സിസിടിവി കാമറയുള്ള വീട്, സ്ത്രീകള്‍ മാത്രമുള്ള വീട്, കാര്യമായൊന്നുമില്ലാത്തത്, സമ്പന്നമായത്, കോളടിക്കുന്ന വീട് എന്നിങ്ങനെ. സംഭവം സ്മൂത്തായി നീങ്ങുന്നതിനിടെ കൂട്ടത്തില്‍ ഒരു കള്ളന്‍ പിടിയിലായതോടെയാണ് പോലീസിന് ഐഡിയ പിടികിട്ടുന്നത്. കള്ളന്മാര്‍ ഇതൊട്ട് അറിഞ്ഞതുമില്ല. വീട് അടയാളപ്പെടുത്തി വന്ന കള്ളന്മാര്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്തു.