വ്യത്യസ്തമായ മോഷണരീതികളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വളരെ അസാധാരണമായൊരു മോഷണത്തിന്റെ കഥയാണ് ക്യൂബയിൽ നിന്നും പുറത്ത് വരുന്നത്. കള്ളൻമാർ ക്യൂബയിലെ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 133 ടൺ കോഴിയിറച്ചിയാണ് 30 പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്.
ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും വലയ്ക്കുമ്പോഴാണ് ഇത്തരത്തിൽ മോഷണം നടന്നത്. തലസ്ഥാന നഗരമായ ഹവാനയിലെ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് മോഷണം നടന്നത്. 1,660 വെള്ള പെട്ടികളിൽ നിറച്ച കോഴിയിറച്ചിയാണ് കള്ളന്മാർ അടിച്ചെടുത്തത്.
പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച കോഴിയിറച്ചി ട്രക്കുകളിലാണ് ഇവിടെ നിന്നും കടത്തിയത്. സംഭവത്തിൽ ഈ മോഷ്ടാക്കൾക്ക് 20 വർഷത്തെ തടവു ശിക്ഷ വരെ കിട്ടാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മോഷ്ടാക്കൾ കോഴിയെ വിറ്റുകിട്ടിയ കാശ് കൊണ്ട് റഫ്രിജറേറ്ററുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം വാങ്ങിച്ചിരുന്നു. ക്യൂബയിലെ റേഷൻ ബുക്ക് സമ്പ്രദായത്തിലൂടെ നാട്ടുകാർക്ക് വിതരണം ചെയ്യാൻ വച്ചതായിരുന്നു മോഷ്ടിക്കപ്പെട്ട ഈ കോഴിയിറച്ചി.