ഇന്ത്യയിൽ ജയിൽ എന്നാൽ തിഹാർ കഴിഞ്ഞിട്ടേ മറ്റൊന്നുള്ളൂ. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറ.
1958ൽ വെറും 1273 തടുവുകാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സാധാരണ ജയിലായിരുന്നു തിഹാർ.
ഇപ്പോൾ 18,000 തടവുകാരാണ് ഇവിടെ വിവിധ കേസുകളിൽ തടവിൽ കഴിയുന്നത്. രാജ്യത്തെതന്നെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയാണ് ഏറ്റവും ഒടുവിൽ തിഹാർ ജയിലിന് വാർത്തകളിൽ വലിയ ഇടംകൊടുത്തത്.
തിഹാറിലെ തടവുകാരെക്കുറിച്ചു പറഞ്ഞാൽ വിവിഐപികളായ രാഷ്ട്രീയ നേതാക്കൾ മുതൽ അന്താരാഷ്ട്ര കൊടുംകുറ്റവാളികൾ വരെ ഇവിടെ കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്.
ചാൾസ് ശോഭരാജ്, ഭീകരൻ യാസീൻ ഭട്കൽ, സഞ്ജയ് ഗാന്ധി, വ്യവസായി ലളിത് മോഹൻ താപ്പർ, പി. ചിദംബരം, വിദ്യാർഥി നേതാവ് കനയ്യ കുമാർ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിവയരൊക്കെ പരിചിത പേരുകൾ.
നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജി ജെഎൻയുവിൽ വിദ്യാർഥിയായിരിക്കേ തിഹാറിൽ തടവുപുള്ളിയായി കഴിഞ്ഞിട്ടുണ്ട്.
നിർഭയ കേസിലെ പ്രതികൾക്കു പുറമേ നാടിനെ നടുക്കിയ പല കൊടുംപാതകങ്ങളിലെ പ്രതികളെയും ഇവിടെ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 14 തടവു പുള്ളികൾ നിലവിൽ ഇവിടെ കഴിയുന്നുണ്ട്. നിർഭയ കേസിലെ വിധി നടപ്പാക്കുന്ന വേളയിലാണ് തിഹാറിന് സ്വന്തമായി ഒരു ആരാച്ചാർ ഇല്ലെന്ന വിവരം പുറംലോകം മനസിലാക്കുന്നത്.
മീററ്റിൽ നിന്നെത്തിച്ച ആരാച്ചാരാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ഇതിന് മുൻപ് 2013-ൽ പാർലമെന്റ് ആക്രമണ കേസിലെ പ്രതി മൊഹമ്മദ് അഫ്സൽ ഗുരുവിനെയാണ് തിഹാറിൽ തൂക്കിലേറ്റിയത്.
അതിനും മുൻപ് 1984ൽ കാഷ്മീരി വിഘടനവാദി നേതാവ് മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയിരുന്നു. 1985ൽ കൊലക്കേസ് പ്രതികളായ കർതാർ സിംഗിനെയും ഉജാഗർ സിംഗിനെയും തൂക്കിലേറ്റി.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച കേസിലെ പ്രതി സത്വന്ത് സിംഗിനെ തൂക്കിലേറ്റിയതും തീഹാർ ജയിലിലായിരുന്നു.
തിഹാർ സത്യത്തിൽ മറ്റൊരു അധോലോകം തന്നെയാണ്. ഇതിനുള്ളിൽ തടവുപുള്ളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതു പതിവ് സംഭവം.
സ്പൂണുകളും ഫോർക്കുകളും ആയുധങ്ങളാക്കി നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകളിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.
ഇത്തരത്തിൽ ജയിലിനുള്ളിൽ തടവുകാരുടെ ഇരുപതോളം ചേരികൾ ഉണ്ടെന്നാണ് വിവരം. ഹരിയാനയിലും ഡൽഹി അതിർത്തികളിൽ നിന്നു പിടിയിലായ പല ഗുണ്ടാ തലവൻമാരും തങ്ങളുടെ മാഫിയ ഓപ്പറേഷൻസ് നിർബാധം നടത്തുന്നതും തിഹാറിന്റെ ഇരുന്പഴികൾക്കുള്ളിൽ കിടുന്നുതന്നെയാണ്.
കാലങ്ങളോളും പുറംലോകത്തിനു തീർത്തും അപരിചിതമായിരുന്ന തിഹാറിന്റെ അകത്തളങ്ങളിലേക്ക് സഞ്ചാരികൾക്കായി രണ്ടു വർഷം മുൻപാണ് വാതിൽ തുറന്നത്.
ജയിലിനുള്ളിലെ കാഴ്ചകൾ കാണാനും തടവറകളെയും തടവു പുള്ളികളെയും അടുത്തറിയാനും ജയിൽ ടൂറിസം എന്ന പേരിൽ അവസരമൊരുക്കിയിട്ടുണ്ട്.
കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇവിടം സന്ദർശിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്.
സഞ്ചാരികൾക്ക് ജയിൽ ടൂറിസത്തിലൂടെ ജയിലിന്റെ ചില പ്രത്യേക ഭാഗങ്ങൾ സന്ദർശിക്കാനും വേണമെങ്കിൽ രണ്ടോ മൂന്നോ ദിവസം തടവു പുള്ളികളെപ്പാലെ ഇവിടെ കഴിയാനും അവസരം ഉണ്ടായിരുന്നു.
400 ഏക്കറോളം വരുന്ന തിഹാർ ജയിലിലെ താമസമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ജയിലിൽ കയറി വെറുതേ ഇരിക്കാമെന്ന് കരുതേണ്ട.
അങ്ങോട്ട് പണം നല്കി കയറിയതാണെങ്കിലും സാധാരണ തടവുകാർ ചെയ്യുന്ന എല്ലാ പണികളും ടൂറിസ്റ്റുകളും ചെയ്യേണ്ടി വരും.
ജയിലിനുള്ളിൽ തടവുകാർ ധരിക്കുന്ന അതേ വസ്ത്രം തന്നെയാണ് സഞ്ചാരികൾക്കും നൽകുക. ജയിലിലെ അന്തേവാസികൾ തയാറാക്കുന്ന ഭക്ഷണമാണ് സന്ദർശകർക്കും നൽകുക.
തടവുകാരോട് സംസാരിക്കാൻ സഞ്ചാരികൾക്ക് വിലക്കുണ്ട്. ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണ് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തുന്നതിനും വിലക്കുണ്ട്.