പയ്യോളി: ദമ്പതികള്‍ക്ക് നേരെ ആക്രമണം നടന്ന തിക്കോടി കല്ലകത്ത് ബീച്ചില്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മറ്റിയുടെ പ്രതിഷേധ മാര്‍ച്ചിന് പിറ്റേന്ന് ശനിയാഴ്ച വൈകീട്ട് ബിജെപി തിക്കോടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കടപ്പുറത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ആക്രമണത്തിന് വിധേയമായ തിക്കോടി സ്വദേശി രൂപക്കിന്റെ എറണാകുളം രജിസ്ട്രേഷനിലുള്ള കാര്‍ തീരത്ത് ഇറക്കിയിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. തിക്കോടി പഞ്ചായത്ത് ബസാറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഏറ്റവും മുന്‍പിലായി ബിജെപിയുടെ കൊടികെട്ടിയ കാറും പിന്നില്‍ പ്രവര്‍ത്തകരും അണിചേര്‍ന്നു. തീരത്ത് സമാപിച്ച മാര്‍ച്ച് വത്സരാജ് പയ്യോളി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.ബാബു അധ്യക്ഷത വഹിച്ചു.
ബഹുജനകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും അരങ്ങേറി.അതേസമയം, പ്രശ്നം ഇത്രയും രൂക്ഷമായിട്ടും പരിഹാര ശ്രമത്തിന് തിക്കോടി പഞ്ചായത്ത് ഭരണ സമിതി മുന്‍കൈ എടുക്കാത്തത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം നിസ്സാരകാരണം പറഞ്ഞ് അവസാന നിമിഷം മാറ്റിവച്ചതായി സിപിഎം തിക്കോടി സൌത്ത് ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ ആരോപിച്ചു.
പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ മുന്‍പേ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുമെന്നും പഞ്ചായത്തിന്റെ ഇത്തരം നിഷ്ക്രിയ നിലപാടിനെതിരെ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തികൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.