മലയാളത്തില്‍ വന്‍ വിജയം സൃഷ്ടിച്ച സിനിമകളിലൊന്നാണ് അനിയന് ബാവയും ചേട്ടന് ബാവയും. വില്ലന്മാരായി തിളങ്ങി നിന്നിരുന്ന നരേന്ദ്ര പ്രസാദും രാജന് പി. ദേവും കോമഡി-ഇമോഷണല്‍ വേഷത്തില്‍ ആദ്യമായെത്തിയ സിനിമയായിരുന്നു ഇത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന് സംവിധാനം ചെയ്ത സിനിമ 1995-ലാണ് തിയറ്ററുകളിലെത്തിയത്.
ദാരിദ്ര്യത്തിന്റെയും അവഗണനയും നിറഞ്ഞ ബാല്യകാലത്തില്‍ നിന്നു ജീവിതത്തില്‍ പൊരുതി വിജയിച്ച കുട്ടന് ബാവ, കുഞ്ഞന്‍ ബാവ എന്നീ സഹോദരന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞത്. ഇരുവര്‍ക്കുമിടയിലേക്കു കടന്നുവരുന്ന പുതിയ കഥാപാത്രങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പിണക്കവും ഇണക്കവുമൊക്കെയാണ് ആ സിനിമ.
രാജന് പി. ദേവിനും നരേന്ദ്ര പ്രസാദിനുമൊപ്പം ജയറാമായിരുന്നു നായക വേഷത്തിലെത്തിയത്. സംഗീത, കസ്തൂരി എന്നിവരായിരുന്നു തുല്യപ്രാധാന്യമുള്ള നായികമാര്‍.ആ സിനിമയുടെ പിന്നാമ്പുറ കഥ റാഫി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച ചേട്ടന് ബാവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നുവെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റാഫി പറഞ്ഞത്. കഥ എഴുതുമ്പോള്‍ ഞങ്ങളുടെ മനസില്‍ അനിയന് ബാവ രാജന്‍പി. ദേവും ചേട്ടന് ബാവ തിലകനുമായിരുന്നു.
കാട്ടുകുതിര എന്ന സിനിമയില്‍ തിലകന് ചേട്ടന് അവതരിപ്പിച്ച കൊച്ചുവാവയുമായി ചേട്ടന് ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനന് സാറിന് ഒരു സംശയം. അദ്ദേഹം പറഞ്ഞു, ചേട്ടന് ബാവ നരേന്ദ്ര പ്രസാദ് മതി.പ്രസാദ് സാര്‍ കൂടുതലും വില്ലന്‍-ബുദ്ധിജീവി റോളുകള്‍ ചെയ്ത് കൊണ്ടിരുന്ന കാലമാണ്.
ഇതുപോലൊരു കോമഡി കുപ്പായം അദ്ദേഹത്തിന് ചേരുമോ എന്ന് ഞങ്ങള്‍ക്കൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ സംവിധായകന്റെ മനസില്‍ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു. ആ റോള്‍ പ്രസാദ് സാര്‍ ചെയ്താല്‍ നന്നായിരിക്കും. അതിനൊരു പുതുമ ഉണ്ടാകുമെന്നും. അങ്ങനെയാണ് നരേന്ദ്ര പ്രസാദ് ആ വേഷം ചെയ്യുന്നതെന്നും റാഫി പറഞ്ഞു. –
പിജി