വെന്പല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറെ വെന്പല്ലൂർ അസ്മാബി കോളജിനു സമീപം ചായക്കട നടത്തുന്ന മണ്ണാംപറന്പിൽ തിലകനുമായുള്ള കാക്കയുടെ സൗഹൃദം നാട്ടുകാർക്ക് കൗതുകക്കാഴ്ചയാണ്.
ഭക്ഷണ പ്രിയനായ കാക്ക ദിവസത്തിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും തിലകന്റെ ചായക്കടയിൽ എത്തും. രണ്ടു വർഷങ്ങൾക്കു മുന്പ് ആരംഭിച്ച ഈ ചായക്കടയിൽ മൂന്നുമാസം മുന്പാണ് കാക്ക എത്തിയത്. മതിലിൽ വന്നിരിക്കുന്ന കാകൻ ആദ്യമൊന്നും തിലകനുമായി അടുപ്പം പ്രകടിപ്പിച്ചിരുന്നില്ല. ചായക്കടികൾ നൽകി ക്രമേണ കാക്ക അടുത്തു കൂടുകയായിരുന്നു.
തിലകന്റെ കടയിൽ രാവിലെ എട്ടു മണിയോടെ കാക്കയെത്തി തിലകൻ കൊടുക്കുന്ന തീറ്റ കഴിച്ച് പോകും. രണ്ടു മണിക്കൂർ കഴിഞ്ഞ് എത്തുന്ന കാക്കക്ക് ഭക്ഷണം ഉറപ്പാണ്. കഴിഞ്ഞില്ല, പിന്നീട് കാക്ക എത്തുന്നത് ഉച്ചയ്ക്ക് ഒന്നര മണിക്ക് ഉൗണ് കഴിക്കാൻ. വൈകീട്ട് കട അടക്കുന്ന സമയത്ത് എത്തുന്ന കാകന് മുടങ്ങാതെ തിലകൻ തീറ്റ നൽകി വരുന്നു.
പൊതുവേ ആളുകളെ കാണുന്പോൾ കാക്ക പറന്നു പോകാറില്ല. നിരവധിയാളുകളാണ് തിലകൻ ചേട്ടനും കാക്കയുടെയും സൗഹൃദത്തിന്റെ കൗതുക കാഴ്ച കാണാൻ പടിഞ്ഞാറെ വെന്പല്ലൂരിലെ കടയിൽ എത്തുന്നത്.