കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ വീണ്ടും തെരഞ്ഞെടുത്തതില്‍ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ അമ്മയുടെ തീരുമാനത്തില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നു. ഫേസ് ബുക്കിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ആഷിഖ് അബുവിന്റെ വാക്കുകളിങ്ങനെ…
‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന ‘കുറ്റത്തിന്’ മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ?’ എന്നാണ് ആഷിഖ് അബു പോസ്റ്റിലൂടെ ചോദിക്കുന്നത്.
സിനിമയിലെ വനിതാ കൂട്ടയ്മായ ഡബ്ലു.സി.സിയും അമ്മക്കെതിരെ രംഗത്തെത്തുകയുണ്ടായി. അമ്മയുടെ തീരുമാനം അപലപനീയമാണ്. ദിലീപിനെ തിരിച്ചെടുക്കുവാന്‍ എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? ബലാത്സംഗ കേസില്‍ ആരോപിതനായ വ്യക്തിയെ വിചാരണ പൂര്‍ത്തിയാകും മുമ്പ് തിരിച്ചെടുക്കുന്നതില്‍ അപാകതയില്ലേയെന്നും വനിതാസംഘടന ഫേസ്ബുക്കില്‍ കുറിച്ചു.