സന്ദേശത്തിലെ കഥാപാത്രം ഇനിയും നന്നാക്കാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അതില്‍ അമ്മയുടെ കാര്യം പറയുന്നതൊക്കെ കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. ഒരു പരിധിയില്‍ കവിഞ്ഞ് കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത അന്നു വന്നിട്ടില്ല.
കുറേ സിനിമകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന സമയമാണ്. ആ സിനിമ ഷൂട്ട് ചെയ്യുന്ന അതേസമയത്ത് ഗോഡ്ഫാദറിന്റെ ഷൂട്ടും നടക്കുന്നുണ്ട്. ഞാനും തിലകൻ ചേട്ടനും രാവിലെ സന്ദേശത്തിന്റെ സെറ്റില്‍ വരും. പത്തു മണി ആകുമ്പോഴേക്കും സത്യന് അന്തിക്കാട് ഷൂട്ട് തീര്‍ത്തു വിടും.
ഗോഡ് ഫാദറിന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്ന സമയമാണ്. അപ്പോള്‍ അങ്ങോട്ട് പോകും. അതിന്റെ ടെന്‍ഷനും അത്തരം കാര്യങ്ങളുമൊക്കെയാണ് അന്നു മനസില്‍. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കണമെന്ന് അന്നു തിലകന് ചേട്ടൻ എന്നോടു പറഞ്ഞു. നിങ്ങള്‍ക്ക് അതുപറ്റും.
അതുകൊണ്ടാണ് ആ ഡയലോഗ് പറഞ്ഞപ്പോള്‍ നിങ്ങളുടെ കണ്ണില്‍നിന്ന് അറിയാതെ വെള്ളം വന്നത്. അതു നിങ്ങളുടെ മനസിലേക്കു കയറുന്നതുകൊണ്ടാണ് എന്നാണ് തിലകന് ചേട്ടൻ പറഞ്ഞത്. പക്ഷെ, അതൊക്കെ തിലകന് ചേട്ടന് ചെയ്താല്‍ മതി, എനിക്ക് അങ്ങനെയൊന്നും പറ്റില്ലെന്നാണ് അന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞ മറുപടി. -സിദ്ദിഖ്