ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന് തില്ലു തജ്പുരിയ തിഹാര്‍ ജയിലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 99 ജയില്‍ ജീവനക്കാരെയാണു സ്ഥലം മാറ്റിയത്.
മേയ് രണ്ടിനാണ് എതിര്‍സംഘത്തിന്റെ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് തില്ലു തജ്പുരിയ കൊല്ലപ്പെട്ടത്. സംഭവസമയം സമീപമുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായിനിന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
തില്ലുവിന്റെ മരണത്തിനു പിന്നാലെ ഒന്‍പത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്.
കുപ്രസിദ്ധ ഗുണ്ടകളും അവരുടെ സഹായികളും ഉള്‍പ്പടെ ആയിരത്തിലധികം തടവുകാരാണ് തിഹാര്‍ ജയിലിലുള്ളത്. പൊതുവെ ശാന്തരായി കാണപ്പെടുന്ന ഇവര്‍ എതിരാളികള്‍ക്കുനേരേ പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയാണു പതിവ്.