ഒരു ആഡംബര നൗകയിൽ ആസ്വദിച്ചു യാത്ര ചെയ്യുന്നതിനിടയില്‍ എന്തെങ്കിലുമൊരു അപകടത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുമോ?
അതേ ആത്മവിശ്വാസത്തോടെ ബ്രിട്ടീഷ് ആഡംബര കപ്പലിലെ മൂന്നു ജീവനക്കാരുടെ യാത്ര. എന്നാൽ, നടുക്കടയിൽ എല്ലാം തീരാൻപോവുകയാണെന്നു തോന്നിയത് പെട്ടെന്നാണ്.
ആദ്യം ഒന്നു രണ്ടു തിമിംഗലങ്ങൾ നൗകയുടെ സമീപത്തേക്കു വന്നു. അതൊക്കെ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളായതിനാൽ അവർക്കു ആശങ്കയൊന്നും തോന്നിയില്ല. ഇങ്ങനെയെത്തുന്നവ വലിയ ഭീഷണിയൊന്നും വരുത്താതെ അകന്നുപോവുകയാണ് പതിവ്.
പെട്ടെന്ന് കൗതുകം ആശങ്കയായി വളർന്നു. ഒന്നും രണ്ടുമല്ല മുപ്പതോളം തിമിംഗലങ്ങൾ തങ്ങളുടെ നൗകയെ വളഞ്ഞിരിക്കുകയാണെന്ന് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അതു കൊലയാളി തിമിംഗലങ്ങൾ എന്ന ഇനമാണെന്നു തിരിച്ചറിഞ്ഞതും എല്ലാം തീരാൻ പോവുകയാണോയെന്ന് അവർക്കു തോന്നി.
മുപ്പതോളം കൊലയാളി തിമിംഗലങ്ങൾ ചേർന്നു തങ്ങളുടെ നൗകയെ ആക്രമിക്കുകയാണെന്ന് ഒരു ഉൾക്കിടിലത്തോടെ അവർ തിരിച്ചറിഞ്ഞു.
പിന്നെ പേടിച്ചില്ലെങ്കിലല്ലേ അതിശയമുള്ളു. 25 അടി വരെ നീളമുള്ള ഭീകരന്മാരായിരുന്നു ആ തിമിംഗലങ്ങൾ. ആദ്യത്തെ ഏതാനും മിനിറ്റുകൾക്കു ശേഷം അവ പിന്തിരിയുമെന്നു കരുതിയെങ്കിലും നൗകയ്ക്കു പിന്നാലെ അവ വിടാതെ പിന്തുടരുന്നു.
രണ്ടു മണിക്കൂറോളമാണ് മൂന്നു പേർ മാത്രമുണ്ടായിരുന്ന നൗകയെ അവ തകർക്കാൻ നോക്കിയത്. അഞ്ചു ടണ്ണോളം ഭാരം വരുന്നവയായിരുന്നു ഭീമൻ തിമിംഗലങ്ങൾ.
നൗകയെ ഇടിച്ചു മറിക്കാനായിരുന്നു അവയുടെ ശ്രമം. ഒാരോ ഇടിയിലും കപ്പലിനു ചെറിയ കേടുപാടുകൾ സംഭവിച്ചുകൊണ്ടിരുന്നു.
രക്ഷപ്പെടാൻ പരാക്രമം
അവയുടെ ആക്രമണത്തിൽ നൗക തകർന്നാൽ പിന്നെ തങ്ങൾ ബാക്കിയുണ്ടാവില്ലെന്നു മൂന്നു പേർക്കും മനസിലായി. എങ്ങനെ രക്ഷപ്പെടുമെന്നറിയാൻ ചുറ്റും പരതി.
ജീവനക്കാരിൽ ഒരാൾ രണ്ടും കല്പിച്ചു റഡാറിന്റെ ഒരു ഭാഗം ഉപയോഗിച്ചു നീന്തി രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചു. ആ ഭീകരന്മാർ ഇടിച്ചു കയറിയാല്‍ കപ്പല്‍ മുങ്ങില്ലേ.
മുങ്ങാന്‍ തുടങ്ങുന്ന കപ്പലില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ മാത്രമല്ലേ ആരും ആഗ്രഹിക്കു. ഗ്രീസ് സ്വദേശിയായ ബ്രിട്ട് മാര്ട്ടിന് ഇവാന്‍സ് (45) പറഞ്ഞു:
“ഇത് അതി ഭീകരമായ ഒരു ആക്രമണമായിരുന്നു.”ഹാന്റ്സിലെ ന്യൂ മില്‍ട്ടണിലെ നഥാന്‍ ജോണ്‍സിന്റെ (27) പ്രതികരണം ഇങ്ങനെ: “ഇതെല്ലാം എങ്ങനെ അവസാനിക്കും എന്നായിരുന്നു എന്റെ ചിന്ത.
ഞങ്ങളുടെ നൗക മുങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ കൊലയാളി തിമിംഗലങ്ങളാല് ചുറ്റപ്പെട്ട ഒരു ലൈഫ് റാഫ്റ്റില്‍ അകപ്പെടുമായിരുന്നു. പിന്നെത്തെ കാര്യം ഒാർക്കാൻകൂടി വയ്യ”. എന്തായാലും രണ്ടു മണിക്കൂറുകൾക്കു ശേഷം തിമിംഗലങ്ങൾ നൗകയെ ഉപേക്ഷിച്ചു പോയി.
പ്രതികാരം
കെന്റിലെ റാംസ്ഗേറ്റില്നിന്നായിരുന്നു മൂന്നു പേരും യാത്ര പുറപ്പെട്ടത്. ജിബ്രാള്‍ട്ടര്‍ കടലിടുക്കിനു സമീപമാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. നൗകയുടെ കേടുപാടുകള്‍ തീർത്തുവരികയാണിപ്പോൾ.
ഏതെങ്കിലും കപ്പലുകൾ തട്ടി ഏതെങ്കിലും തിമിംഗലത്തിനു പരിക്കേറ്റിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാവാം ഇവ നൗകയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതെന്നുമായിരുന്നു സമുദ്ര നിരീക്ഷകരുടെ അഭിപ്രായം.