ബിബിസി തിരഞ്ഞെടുത്ത 100 വനിതകളില്‍ ഒരാള്‍! ലോകം മുഴുവന്‍ ബഹുമാനിക്കുന്ന വ്യക്തിത്വം; രാഷ്ട്രപതി രാംനാഫ് കോവിന്ദിനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച തിമ്മക്ക ചില്ലറക്കാരിയല്ല

ഇത്തവണത്തെ പത്മ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തവര്‍ അപൂര്‍വമായ ചില കാഴ്ചകള്‍ക്ക് സാക്ഷികളായി. 107 വയസുള്ള സാലുമര്‍ദ തിമ്മക്ക എന്ന സ്ത്രീ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മശ്രീ സ്വീകരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.

അത്രയ്ക്ക് നിഷ്‌കളങ്കമായാണ് സാലുമര്‍ദ ആ പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ തലയില്‍ കൈ വച്ച് സാലുമര്‍ദ അനുഗ്രഹിക്കുമ്പോള്‍ പല പ്രോട്ടോക്കോളുകളും തെറ്റുകയും ചെയ്തു.

കൂപ്പുകൈകളോടും പുഞ്ചിരിയോടും കൂടെ കടന്നുവന്ന അവര്‍ തന്നേക്കാള്‍ 33 വയസ് ഇളപ്പമുള്ള രാഷ്ട്രപതിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചശേഷമാണ് വേദി വിട്ടത്. അനുഗ്രഹം സ്വീകരിക്കുന്നതിനിടയില്‍ രാഷ്ട്രപതി സാലുമര്‍ദയോട് ക്യാമറയില്‍ നോക്കാന്‍ പറയുന്നുണ്ടായിരുന്നു. അവരുടെ നിഷ്‌കളങ്കമായ പ്രവൃത്തി പ്രധാനമന്ത്രി ഉള്‍പ്പെടെ സദസിലുള്ളവരുടെ മുഖത്ത് ചിരി പടര്‍ത്തുകയും ഏവരും കൈയ്യടികളോടെ ആ നിമിഷം ആസ്വദിക്കുകയും ചെയ്തു.

കര്‍ണാടകയിലെ തുംകൂറില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, വളരെ ചെറുപ്പത്തില്‍ തന്നെ പഠനമുപേക്ഷിച്ച്, തുച്ഛമായ ശമ്പളത്തില്‍ ഒരു ക്വാറിയില്‍ ജോലി ചെയ്തു വരികയായിരുന്നു അവര്‍. ജീവിതത്തില്‍ ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം പൂവണിയാത്തതിനാല്‍ വ്യക്ഷങ്ങള്‍ക്കു സ്വാന്തനമേകി തുടങ്ങി.

ഉച്ച ആവുമൊഴേക്കും മറ്റു ജോലികളൊക്കെ തീര്‍ത്താണ് വൃക്ഷങ്ങള്‍ക്കായി തിമ്മക്ക സമയം കണ്ടെത്തിയിരുന്നത്. ഭര്‍ത്താവിന്റെ പിന്തുണയോടെ ആദ്യ വര്‍ഷം സ്വന്തം വീടിന്റെ നാലു കിമി ചുറ്റളവില്‍ പത്ത് ആല്‍മരം നട്ടു തുടങ്ങിയ തിമ്മക്ക ഇന്ന് 385 ആല്‍മരത്തിന്റെ മാതൃത്വം നേടി. സ്വന്തം മക്കളായി കണ്ടു ആല്മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിച്ചു. ചുറ്റുപാടും ശുദ്ധവായു നല്‍കിയതിനാണ് തിമ്മക്കയ്ക്ക് പദ്മശ്രീ നല്‍കിയത്.

2016 ല്‍ ബിബിസി തിരഞ്ഞെടുത്ത ശക്തരായ 100 വനിതകളില്‍ ഒരാളാണ് തിമ്മക്ക. കലിഫോര്‍ണിയയില്‍ തിമ്മക്ക റിസോഴ്‌സസ് ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ഉണ്ട്.

Related posts