കാസർഗോഡ്: തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയരായ കാസര്‍ഗോട്ടെ ഏഴുപോലീസുകാര് വീണ്ടും കാമറയ്ക്കു മുന്നിലേയ്ക്ക്. വേഗം എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിലെ നായകൻ തളങ്കര കോസ്റ്റൽ സിഐ സിബി തോമസ് ആണ്.
ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ പോലീസാണ് ചിത്രം നിർമിക്കുന്നത്. മദ്യപിച്ചും ഹെല്‍മെറ്റ് ധരിക്കാതെയും വണ്ടിയോടിക്കുന്പോഴുണ്ടാകുന്ന ദുരന്തങ്ങളാണ് ചിത്രം കാട്ടിത്തരുന്നത്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാബുദാസ് കോടോത്താണ്. തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഒാഫീസറായ ബാബുദാസ് നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തമാസം യൂട്യൂബിലും ഫേസ്ബുക്കിലും ചിത്രം റിലീസ് ചെയ്യും.
തൊണ്ടിമുതലിലെ എസ്ഐ സാജൻ മാത്യു എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച സിബി തോമസ് സിനിമയിൽ സജീവമാവുകയാണ്. ഇതിഹാസ എന്ന ചിത്രം സംവിധാനം ചെയ്ത ബിനു.എസിന്റെ കാമുകി, ഉറുന്പുകൾ ഉറങ്ങാറില്ല എന്ന ചിത്രം സംവിധാനം ചെയ്ത ജിജു അശോകന്റെ പ്രേമസൂത്രം എന്നീ സിനിമകളാണ് ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ രണ്ടു ചിത്രത്തിലും അധ്യാപകന്റെ റോളാണ് തനിക്കെന്ന് സിബി പറഞ്ഞു. കാമുകിയിൽ കോളജ് അധ്യാപകന്റെയും പ്രേമസൂത്രത്തിൽ പ്രൈമറി സ്കൂൾ അധ്യാപകന്റെയും വേഷമാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.