വടക്കഞ്ചേരി: വനംവകുപ്പിന്റെ മെല്ലപ്പോക്ക് പാലക്കുഴിക്കാരുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾക്ക് തടസമാകുന്നു. ചെക്ക്ഡാമിൽനിന്നും താഴേയ്ക്ക് പൈപ്പ് സ്ഥാപിക്കുന്ന മൂന്നൂറുമീറ്റർ പ്രദേശം വനത്തിൽപെടുന്നതാണ്. വനത്തിലൂടെ പൈപ്പുസ്ഥാപിക്കാൻ നിർമാണകന്പനി അനുമതിക്കായി വളരെമുന്പ് തന്നെ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയായിട്ടും സമ്മതപത്രം നല്‍കിയിട്ടില്ലെന്ന് കന്പനി അധികൃതർ പറഞ്ഞു.
രണ്ടു സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു നടുവിലായാണ് വനപ്രദേശം വരുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലം നേരത്തെ തന്നെ കന്പനി വിലയ്ക്ക് വാങ്ങിയിരുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പദ്ധതിയായതിനാൽ വനംവകുപ്പിന്റെ അനുമതിക്ക് കാത്തിരിപ്പു വേണ്ടിവരില്ലെന്നായിരുന്നു അധികൃതരുടെ കണക്കൂട്ടൽ. എന്നാൽ ചെക്ക്ഡാമിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ പൈപ്പ് സ്ഥാപിക്കൽ വൈകുന്നത് നിർമാണത്തിന് തടസമാകുമെന്ന് പദ്ധതി ചീഫ് എൻജിനീയർ ഇ.സി.പദ്മരാജൻ പറഞ്ഞു. ചെക്ക്ഡാമിന്റെ പടിഞ്ഞാറുഭാഗം നിശ്ചിത ഉയരത്തിലായിട്ടുണ്ട്.
ഇനി പൈപ്പുകൾ താഴേയ്ക്ക് കൊണ്ടുപോയി വേണം മറുഭാഗം കൂടി പണി പൂർത്തീകരിക്കാൻ. അതല്ലെങ്കിൽ ചെക്ക്ഡാമിന്റെ മുഴുവൻ പണികളും പൂർത്തിയായാൽ പിന്നെ മൂന്നടി വ്യാസമുള്ള വലിയ പൈപ്പുകൾ വാഹനത്തിൽ കൊണ്ടുപോകാൻ കഴിയില്ല. വനംവകുപ്പിന്റെ പേപ്പർ വർക്കുകൾക്ക് ഇനിയും കാലതാമസം വന്നാൽ നിർമാണപ്രവൃത്തികൾ നിർത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും. ഇത് പദ്ധതിക്കുതന്നെ ദോഷം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.
പൈപ്പുസ്ഥാപിക്കാൻ വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ ഡിസംബറിൽ തന്നെ ചെക്ക്ഡാമിന്റെ മുഴുവൻ പണികളും പൂർത്തീകരിക്കാൻ കഴിയുമെന്ന് ചീഫ് എൻജിനീയർ പറഞ്ഞു. പാലക്കുഴി അഞ്ചുമുക്ക് പുഴയ്ക്കു കുറുകേ അഞ്ചുമീറ്റർ ഉയരത്തിലാണ് ചെക്ക്ഡാം നിർമിക്കുന്നത്. ചെക്ക്ഡാമിലെ വെള്ളം പൈപ്പിലൂടെ താഴെ കൊന്നയ്ക്കൽകടവിൽ സ്ഥാപിക്കുന്ന പവർഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. ചെക്ക്ഡാമും പവർഹൗസും തമ്മിൽ ഏഴുന്നൂറുമീറ്റർ ദൂരമുണ്ട്.
ഇതിലെ മുന്നൂറുമീറ്റർ മുതൽ വനത്തിൽപെടുന്നത്. വൈദ്യുത ഉത്പാദനത്തിനുശേഷം വെള്ളം കൊന്നയ്ക്കൽകടവ് പുഴവഴി തന്നെ താഴേയ്ക്കുപോകും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പെൻസ്റ്റോക്ക് പൈപ്പുവഴി പവർ ഹൗസിലെത്തുന്ന വെള്ളം ഒരേസമയം തന്നെ രണ്ടു പെൽറ്റൻ വീൽ ടർബൈൻ കറക്കിയാണ് ഉത്പാദനം. വർഷത്തിൽ 3.78 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യംവയ്ക്കുന്നത്. വേനലിൽ ചില വർഷങ്ങളിൽ അഞ്ചുമാസം വൈദ്യുതി ഉത്പാദനം നടന്നില്ലെങ്കിലും മഴക്കാലത്ത് കൂടുതൽ ഉത്പാദനമാണ് ഉദ്ദേശിക്കുന്നതെന്ന് എൻജിനീയർ പദ്മരാജൻ പറഞ്ഞു.