വടക്കഞ്ചേരി: പ്രളയത്തിനുശേഷം ജലനിരപ്പിലുണ്ടാകുന്ന അസാധാരണ കുറവ് പാലക്കുഴി തിണ്ടില്ലംപോലെയുള്ള മിനി ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക ഉയരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് പാലക്കുഴി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞ സ്ഥിതിയിലാണിപ്പോൾ.
തുലാമഴ തുണച്ചില്ലെങ്കിൽ അത് പദ്ധതിപ്രവർത്തനത്തിന്റെ ഭാവിക്കും മങ്ങലേല്പിക്കും. എന്തായാലും പദ്ധതിക്കായുള്ള നിർമാണപ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്. പെൻസ്റ്റോക്ക് പൈപ്പുകൾക്കുള്ള ചാൽ നിർമാണവും തടണയുടെ പ്രാഥമിക പണികളുമാണ് നടക്കുന്നത്.
വെള്ളച്ചാട്ടത്തിനു മുകളിൽ തോടിനു കുറുകേ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുന്നത്. തടയണയിൽനിന്നുള്ള വെള്ളം 294 മീറ്റർ നീളത്തിൽ ലോപ്രഷർ പൈപ്പിലൂടെയും പിന്നീട് 222 മീറ്റർ താഴേയ്ക്ക് 438 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പുവഴി കൊണ്ടുവന്ന് രണ്ടു പെൽറ്റൻ വീൽ ടർബൈൻ കറക്കി രണ്ട് അഞ്ഞൂറുകിലോ വാട്ട് ശേഷിയുള്ള ആൾട്ടർനേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്താനാണ് പദ്ധതി.
വൈദ്യുത ഉത്പാദനത്തിനുശേഷം വെള്ളം ഇതേ തോട്ടിലൂടെ തന്നെ ഒഴുക്കിവിടും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബോർഡിന് നല്കും. 110 കെ.വി. വടക്കഞ്ചേരി സബ് സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുക. പദ്ധതിക്കായി നാലര ഏക്കറോളം ഭൂമിയാണ് കർഷകരിൽനിന്നും ഏറ്റെടുത്തിട്ടുള്ളത്.
പദ്ധതിക്കായി വെള്ളം സംഭരിച്ചുനിർത്തുന്നതിനായി സമീപത്തെ നിർണാംകുഴി തോമസ് വേറെ നാലര ഏക്കറോളം ഭൂമി സൗജന്യമായി നല്കിയിട്ടുമുണ്ട്. രണ്ടുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം വകുപ്പുമന്ത്രി എം.എം.മണി നിർവഹിച്ചത്.