വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുത പദ്ധതിയുടെ പന്പ് ഹൗസിന്റെ നിർമ്മാണം നാളെ കൊന്നക്കൽക്കടവിൽ ആരംഭിക്കും.വെള്ളചാട്ടത്തിന്റെ താഴെയുള്ള ഭാഗമായ ആനയിടംപരുത പതിനാലാം ബ്ലോക്കിനടുത്താണ് പദ്ധതിക്കുള്ള പന്പ് ഹൗസ് നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസം പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.സി.പത്മരാജന്റെ നേതൃത്വത്തിൽ കരാറുക്കാരനും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റിലെ അധിക മഴയിൽ മല വെള്ളം കുത്തിയൊഴുകി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നിറയെ പാറ കല്ലുകളും വഴി കാടുകയറിയ നിലയിലുമാണ്.
ആദ്യം ഈ വഴി നന്നാക്കുന്ന പ്രവൃത്തികൾ നടക്കും.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമാണ് ഇത്. പുലി,മാൻ, കുരങ്ങ്, മുള്ളൻ തുടങ്ങി കാട്ടു മൃഗങ്ങൾ കൂടുതലുള്ള പാലക്കുഴി വൻ മലയുടെ താഴ്ഭാഗത്താണ് പന്പ് ഹൗസ് വരുന്നത്.
വെള്ളചാട്ടത്തിന്റെ മുകൾ ഭാഗമായ പാലക്കുഴിയിൽ പദ്ധതിയുടെ സിവിൽ വർക്കുകൾ ഏറെ പിന്നിട്ട് കഴിഞ്ഞതായും ഇവിടെ തടയണ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു.കഴിഞ്ഞ ഡിസംബർ 21നാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി പാലക്കുഴിയിലെത്തി നിർവ്വഹിച്ചത്.
നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തോടടുക്കുന്പോഴും പ്രതീക്ഷിച്ച രീതിയിൽ വർക്കുകൾ മുന്നോട്ട് നീങ്ങുന്നില്ലെന്ന ആക്ഷേപമുണ്ട്.ജില്ലാ പഞ്ചായത്തിനു കീഴിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡ് എന്ന കന്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി മലയിലെ അഞ്ചു മുക്കിനടുത്തെ തോട്ടിൽ 72 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലും തടയണ കെട്ടിയാണ് പദ്ധതിക്കാവശ്യമായ ജലസംഭരണം നടത്തുന്നത്.
ഒരു മെഗാവാട്ട് സ്ഥാപിത ശേഷിയും വർഷത്തിൽ 3.78 മില്യണ് യൂണിറ്റ് വൈദ്യുതി ഉൽപ്പാദനവുമാണ് ലക്ഷ്യം വെക്കുന്നത്. വെളളം കൂടുതൽ ഒഴുകി എത്തുന്ന മഴക്കാല മാസങ്ങളിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദനമാണ് ഉദ്ദേശിക്കുന്നത്.ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 110 കെ.വി.വടക്കഞ്ചേരി സബ്ബ് സ്റ്റേഷൻ വഴി കെ.എസ്.ഇ.ബി.ക്ക് നൽകും.
13 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ഭൂമി നേരത്തെ തന്നെ കന്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്.നാലര ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.തടയണക്ക് സമീപത്തെ നിർണ്ണാംകുഴി തോമസിന്റെ നാലേക്കറിൽ കൂടുതൽ സ്ഥലം പദ്ധതിക്കായി വെള്ളം കെട്ടി നിർത്തുന്നതിന് അദ്ദേഹം സൗജന്യമായി അനുമതി നൽകിയിട്ടുണ്ട്.
കാൽ നൂറ്റാണ്ട് മുന്പേ സ്വപ്നം കണ്ടു തുടങ്ങിയതാണ് പാലക്കുഴി തിണ്ടില്ലം പദ്ധതി.1992 ൽ കെ.എസ്.ഇ.ബി.പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.പിന്നീട് തുടർ നടപടികളുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ ആദ്യ ചെറുകിട ജല വൈദ്യുത സംരംഭമായ മണ്ണാർക്കാടിനടുത്തെ മീൻ വല്ലം പദ്ധതി വിജയകരമായതോടെയാണ് പാലക്കുഴി പദ്ധതിക്കും പച്ചകൊടിയായത്.