വടക്കഞ്ചേരി: പദ്ധതിപ്രദേശത്ത് പാറപൊട്ടിക്കുന്നതിനുള്ള അനുമതി വൈകുന്നതുമൂലം പാലക്കുഴിയിലെ തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഇനിയും ആരംഭിക്കാനായില്ല. കഴിഞ്ഞ ഡിസംബർ 21 നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിർവഹിച്ചത്.
എന്നാൽ പദ്ധതിക്കായി തടയണ കെട്ടുന്ന സ്ഥലത്തെ പാറപൊട്ടിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്നും അനുമതി വേണം. ഇതിനുള്ള നടപടി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അനുമതി വൈകുകയാണ്. ഒരു കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ ആവശ്യമുള്ള നടപടിക്രമം ഇവിടെയും വേണമെന്നാണ് പറയുന്നത്.
ജാക്കി അമർ ഉപയോഗിച്ച് പാറകൾ പൊട്ടിക്കുന്നതിനു സജ്ജമാക്കി ദ്വാരമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ അനുമതി കിട്ടാതെ ഇത് പൊട്ടിക്കാനാകില്ല. അനുമതി കിട്ടിയാൽ വൈകാതെ പണികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡെന്ന കന്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി തോട്ടിൽ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലും തടയണ കെട്ടിയാണ് പദ്ധതിക്കാവശ്യമായ ജലസംഭരണം നടത്തുന്നത്. ഒരു മെഗാവാട്ട് സ്ഥാപിതശേഷിയും വർഷത്തിൽ 3.78 മില്യണ് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെച്ചുപ്പാടം കണ്സ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് ഇ-ടെണ്ടർ വഴി സിവിൽ വർക്കുകൾ കരാർ എടുത്തിട്ടുള്ളത്. ഇതുകൂടാതെ ഇനി ഇലക്ട്രിക്കൽ, മെക്കാനിക്കൽ വർക്കുകൾകൂടി വരും. 13 കോടി രൂപയാണ് പദ്ധതിചെലവ് കണക്കാക്കുന്നത്.
നിർമാണം തുടങ്ങി രണ്ടുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ഭൂമി നേരത്തെ തന്നെ കന്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങിയിരുന്നു. നാലര ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.തടയണയ്ക്ക് സമീപത്തെ നിർണാംകുഴി തോമസിന്റെ നാലേക്കറിൽ കൂടുതൽ സ്ഥലം പദ്ധതിക്കായുള്ള വെള്ളം കെട്ടിനിർത്തുന്നതിനു അദ്ദേഹം സൗജന്യമായി അനുമതി നല്കിയിട്ടുണ്ട്.