ടി.ജി.ബൈജുനാഥ്
കൗതുകമുണർത്തുന്ന നിരവധി പുതുമകളുമായി കാഞ്ഞങ്ങാട്ടു നിന്ന് ഒരു മലയാള സിനിമ വരുന്നു – തിങ്കളാഴ്ച നിശ്ചയം. സംവിധാനം സെന്ന ഹെഗ്ഡെ.
പാതി കന്നട, പാതി മലയാളം പശ്ചാത്തലമുള്ള(അമ്മ കന്നട, അച്ഛൻ മലയാളി) സെന്ന ഹെഗ്ഡെയുടെ രണ്ടാമതു മലയാള സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’.
കാഞ്ഞങ്ങാട് സ്വദേശിയായ സെന്നയുടെ തുടക്കം മലയാളത്തിൽ. ആദ്യസിനിമ 0-41. തുടർന്നു കന്നടച്ചിത്രം കഥയോൻഡു സുരുവാഗിഡെ. ഇപ്പോൾ വീണ്ടും മലയാളത്തിൽ.
അതാണു തിങ്കളാഴ്ച നിശ്ചയം എന്ന കോമഡി ഡ്രാമ. കന്നടയിലെ പ്രശസ്ത പ്രൊഡക്ഷൻ കന്പനി പുഷ്കർ ഫിലിംസ് ആദ്യമായി നിർമിക്കുന്ന മലയാളചിത്രം കൂടിയാണ് ‘തിങ്കളാഴ്ച നിശ്ചയം’.
“ എഴുത്താണ് കൂടുതലിഷ്ടം. നമ്മുടെ കഥ നമ്മൾ തന്നെ സ്ക്രീനിൽ കൊണ്ടുവരുന്പോഴുള്ള സുഖം വേറൊരാൾ ചെയ്താൽ ഉണ്ടാവില്ലല്ലോ. അതാണു ഞാൻ തന്നെ സംവിധാനം ചെയ്യുന്നത്…” സംവിധായകൻ സെന്ന ഹെഗ്ഡെ സംസാരിക്കുന്നു.
അവരൊക്കെ എന്റെ നാട്ടുകാർ
കാഞ്ഞങ്ങാടും മംഗലാപുരത്തുമായിരുന്നു സ്കൂൾപഠനം. ഉപരിപഠനം ഓസ്ട്രേലിയയിൽ. യുഎസിൽ മെഴ്സിഡസ് കാർ കന്പനിയിൽ ബിസിനസ് അനലിസ്റ്റായി കരിയർ തുടങ്ങി.
പിന്നീട് എട്ടു കൊല്ലം ദുബായിൽ പരസ്യചിത്ര ങ്ങളിൽ ക്രിയേറ്റീവ് ഡയറക്ടർ. 20 കൊല്ലത്തെ പ്രവാസജീവിതം അവസാനി പ്പിച്ച് 2015 ൽ കാഞ്ഞങ്ങാട്ടു മടങ്ങിയെത്തി. തുടർന്നാണ് ഡോക്യു – ഡ്രാമ ഫോർമാറ്റിൽ 0-41 എന്ന സിനിമ ചെയ്തത്.
അതിൽ അഭിനയിച്ചവരൊക്കെ എന്റെ നാട്ടുകാരാണ്.അതു തിയറ്റർ റിലീസിനു ചെയ്തതല്ല. രാജേഷ്, വിപിൻ, സനൽ, എബി, അഭിലാഷ് തുടങ്ങി… നാട്ടിൻപുറത്ത് ജോലിതേടി നിൽക്കുന്ന കുറേ ചെറുപ്പക്കാരുടെ അഞ്ചു ദിവസത്തെ കഥ. അഭിനേതാക്കൾ സ്വന്തം പേരുകളിൽ കഥാപാത്രങ്ങളായി.
അനുരാഗ് കശ്യപും എന്റെ സിനിമയും
ദിവസവും മൂന്നു സെറ്റ് വോളിബോൾ കളിക്കുന്ന ഒരു സംഘം ചെറുപ്പക്കാർ. അവരിൽ ഒരു ടീം എല്ലാദിവസവും തുടർച്ചയായി തോറ്റുകൊണ്ടിരുന്നു. 3, 6, 12, 18…അങ്ങനെ നാല്പത്തൊന്നാമത്തെ സെറ്റിലാണ് സസ്പെൻസ്.
അതാണു 0-41 എന്ന ടൈറ്റിൽ. കാഞ്ഞങ്ങാട് സ്ളാംഗിലാണു സിനിമ. പത്ത് ഫിലിം ഫെസ്റ്റിവലുകളിൽ അതു പ്രദർശിപ്പിച്ചു. ട്രെയിലർ കണ്ട് ഇഷ്ടമായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പടത്തെക്കുറിച്ച് എഴുതിയപ്പോൾ അതു ദേശീയ വാർത്തയായി.
പടം തിയറ്ററിലെത്തിക്കാൻ ചിലരൊക്കെ വന്നു. പക്ഷേ, അതിന്റെ ഓണ്ലൈൻ, സാറ്റലൈറ്റ് റൈറ്റ്സ് ഒരു കന്പനിക്കു വിറ്റിരുന്നു. അവർ ഒറ്റിറ്റി റിലീസിനുള്ള തയാറെടുപ്പിലാണ്.
കഥയൊൻഡു സുരുവാഗിഡെ
0 – 41 നു ശേഷം കന്നടത്തിൽ ചെയ്ത കമേഴ്സ്യൽ പടമാണു കഥയൊൻഡു സുരുവാഗിഡെ. കന്നട നടൻ രക്ഷിത് ഷെട്ടിയാണ് ആ പടത്തിന്റെ ഒരു പ്രൊഡ്യൂസർ. മൾട്ടിപ്ലക്സിൽ അതു സൂപ്പർഹിറ്റായിരുന്നു.
പിന്നീട് അത് ആമസോണ് വാങ്ങി. ദിഗന്തും പൂജയുമാണ് ലീഡ് വേഷങ്ങളിൽ. മ്യൂസിക് സച്ചിൻ വാര്യർ. ലില്ലി, പോരാട്ടം സിനിമകളുടെ കാമറ ചെയ്ത ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം.
പെണ്ണുവീട്ടിലെ ആ രണ്ടു ദിവസം!
വിജയൻ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ മകളുടെ നിശ്ചയത്തിന്റെ രണ്ടു ദിവസം മുന്പു നടക്കുന്ന കഥയാണു തിങ്കളാഴ്ച നിശ്ചയം. തിങ്കളാഴ്ചയാണു നിശ്ചയം.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അവിടെ നടക്കുന്ന ചില സംഭവങ്ങളും പ്രശ്നങ്ങളും കാര്യങ്ങളുമാണു ലൈറ്റ് ഹാർട്ടഡ് കോമഡിയായി പറയുന്നത്.
കല്യാണനിശ്ചയത്തോട് അടുത്ത ദിവസങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി പലരും പെണ്ണുവീട്ടിൽ ഒത്തുകൂടുമല്ലോ. അവരിൽ ചിലർ തമ്മിൽ ഇഷ്ടങ്ങൾ ഉണ്ടാവാം;
ചിലർ തമ്മിൽ അനിഷ്ടങ്ങളും. അവർക്കിടയിൽ പലതരം കണ്ഫ്യൂഷനുകളും ഉണ്ടാവാം. അത്തരം മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കോമഡി ഡ്രാമയാണിത്. ഈ പടവും കാഞ്ഞങ്ങാട്ടാണു ചിത്രീകരിച്ചത്.
സ്ക്രീനിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ
ആൻഡ്രോയിഡ് കുഞ്ഞപ്പനിലും കപ്പേളയിലും വേഷമിട്ട മനോജ് കെ.യു, ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ വേഷമിട്ട രഞ്ജി കാങ്കോൽ, അള്ള് രാമേന്ദ്രൻെറ രചനയിൽ പങ്കാളിയും തണ്ണീർ മത്തൻ ദിനങ്ങൾ, രഞ്ജിത് ശങ്കർ ചിത്രം കമല എന്നിവയിൽ വേഷമിടുകയും ചെയ്ത സജിൻ ചെറുകയിൽ, മഹേഷിന്റെ പ്രതികാരം, ആൻ ഡ്രോയ്ഡ് കുഞ്ഞപ്പൻ, ട്രാൻസ്, മിന്നൽ മുരളി തുടങ്ങിയ പടങ്ങളിൽ വേഷമിട്ട രാജേഷ് മാധവൻ, അനഘ നാരായണൻ, ഓട്ടോറിക്ഷയിൽ വേഷമിട്ട സുനിൽ സൂര്യ, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ വേഷമിട്ട ഉണ്ണിരാജ് ചെറുവത്തൂർ…തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ഉദുമ മുതൽ പയ്യന്നൂർ വരെയുള്ളവർ ഏകദേശം ഒരേപോലെയാണു സംസാരിക്കുന്നത്, ഇതി ലെ അഭിനേതാക്കളിലേറെയും ഈ മേഖലയിൽ നിന്നാണ് അവരുടെ സംസാരം കാഞ്ഞങ്ങാട് സ്ലാംഗിലാണ്.
സിംപിളാണ് പോസ്റ്റർ
ഒരു സുഹൃത്തു വഴിയാണ് പോസ്റ്റർ ഡിസൈനർ അഭിലാഷ് ചാക്കോയിൽഎത്തിയത്. അന്പിളി സിനിമയുടെ പോസ്റ്റർ അന്നേ ശ്രദ്ധിച്ചിരുന്നു;
സൈക്കിൾ ഉൾപ്പെടുത്തി അന്പിളി എന്ന് എഴുതിയ രീതിയും. വളരെ സിംപിളായ പോസ്റ്ററാണ് ഈ സിനിമയ്ക്കു വേണ്ടി അഭിലാഷ് ചെയ്തത്. ടിപ്പിക്കൽ സിനിമാ ഫോർമാറ്റ് അതിൽ ഇല്ല. പക്ഷേ, പോസ്റ്റർ ശ്രദ്ധിക്ക പ്പെട്ടു.
മന്ദാരം എന്ന പടത്തിൽ മ്യൂസിക് ചെയ്ത മുജീബ് മജീദാണു സംഗീത സംവിധായകൻ. മുന്നു പാട്ടുകളുണ്ട്. വിനായക് ശശികുമാറും നിധീഷ് നടേ രിയുമാണ് പാട്ടുകൾ എഴുതി യത്.
ശ്രീരാജ് രവീന്ദ്രനാണു ഛായാഗ്രഹണം. എഡിറ്റർ ഹരിലാൽ. മഹേഷിന്റെ പ്രതികാരം, റാണിപദ്മിനി എന്നിവയിൽ വർക്ക് ചെയ്ത നിക്സണ് ജോർജാണ് സൗണ്ട് ഡിസൈനർ. നടൻ രാജേഷ് മാധവൻ ക്രിയേറ്റീവ് ഡയറക്ടറായും പടത്തിൽ സപ്പോർട്ട് ചെയ്തു.
അവൻ ശ്രീമൻ നാരായണയ്ക്കു ശേഷം…
ഈ പടം കന്നടത്തിൽ ചെയ്യാനായിരുന്നു ആലോചന. ആ ഭാഷയിൽ ചെയ്യാനുള്ള കംഫർട്ട് ലെവൽ കിട്ടിയില്ല. അങ്ങനെയാണു മലയാളത്തിൽ കാഞ്ഞങ്ങാടു സ്ലാംഗിൽ ചെയ്യാൻ തീരുമാനിച്ചത്.
കഥയോൻഡു സുരുവാഗിദെയുടെ നിർമാതാക്കളിലൊരാളും കന്നടയിലെ ഹിറ്റ് പടം അവൻ ശ്രീമൻ നാരായണയുടെ നിർമാതാ വുമായ പുഷ്കർ മല്ലികാർജുനയ്യ പടം പ്രൊഡ്യൂസ് ചെയ്യാമെന്നു പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ – ജനുവരി സമയത്തായിരുന്നു ഷൂട്ടിംഗ്. ഒരു പാട്ട് റെക്കോർഡിംഗ് ബാക്കിയുണ്ട്. ജൂണ്- ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. ഇപ്പോഴും തിയറ്റർ റിലീസ് തന്നെയാണ് ആഗ്രഹം.
പക്ഷേ, കോവിഡ് സാഹചര്യത്തിൽ തിയറ്റർ തുറക്കുന്നത് എപ്പോഴെന്ന് അറിയില്ല. തിയറ്റർ റിലീസിനു കാത്തുനിൽക്കുന്ന വലിയ സിനിമകൾ ഏറെയാണു താനും.
അതിനിടെ ഇതുപോലെ വലിയ താരങ്ങളില്ലാത്ത ചെറിയ പടങ്ങൾക്ക് എങ്ങനെ തിയറ്റർ ലഭിക്കും. അതും ആലോചിക്കണമല്ലോ. അതിനാൽ ഒടിടി റിലീസും പരിഗണനയിലാണ്.