കൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടങ്കലിലാക്കി ദേഹോപദ്രവമേൽപിച്ചെന്ന ആരോപണമുയർന്ന തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ കേന്ദ്രത്തെ സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ രംഗത്ത്. കേന്ദ്രത്തിൽ ലൈംഗിക പീഡനം നടക്കുന്നതിനു പുറമെ പെണ്‍കുട്ടികളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നാണ് ആരോപണങ്ങളിൽ ഗുരുതരം.
ആലപ്പുഴ പെരുന്പളം സ്വദേശി എ.വി. കൃഷ്ണകുമാറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ശിവശക്തി യോഗാ കേന്ദ്രത്തിൽ നടക്കുന്ന ലൈംഗിക പീഡനമുൾപ്പെടെ താൻ നേരിൽ കണ്ട കാര്യങ്ങൾ വെളിപ്പെടുത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യോഗാ കേന്ദ്രത്തിൽ നേരത്തെ ഇൻസ്ട്രക്ടർ ആയിരുന്നുവെന്നു ഹർജിക്കാരൻ പറയുന്നു. ശിവശക്തി യോഗാ കേന്ദ്രത്തിൽ നടന്ന പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും കുത്സിതനടപടികൾക്കും താൻ സാക്ഷിയാണ്. ഇവിടത്തെ തടങ്കൽ കേന്ദ്രങ്ങൾ ജയിലിന് സമാനമാണ്.
തടങ്കലിലാക്കിയ പെണ്‍കുട്ടികളിൽ നിയന്ത്രിക്കാനാവാത്തവരെ മയക്കുമരുന്നുകൾ കുത്തിവയ്ക്കുകയും നേരിട്ട് നൽകുകയും ചെയ്തിരുന്നു. ചൂരലു കൊണ്ട് ക്രൂരമായി അടിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് കംപ്യൂട്ടറിൽ സൂക്ഷിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാം, ക്രൈസ്തവ മതങ്ങളെ അവഹേളിക്കുന്ന രീതിയിലാണ് മനോജ് ഗുരുജിയും ഇൻസ്ട്രക്ടർ ശ്രുതിയും കൗണ്‍സിലിംഗ് നടത്തിയിരുന്നത്. മനോജ് ഗുരുജിക്കു തീവ്രവാദ സംഘടനകളുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേര് വെളിപ്പെടുത്തിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നും ഹർജിക്കാരൻ പറയുന്നു. മിശ്ര വിവാഹിതരാകുന്ന ഹിന്ദു യുവതികളെയും യുവാക്കളെയും പ്രതീപ് വിശ്വനാഥൻ എന്നയാളുടെ നേതൃത്വത്തിലുള്ള ഹിന്ദു ഹെൽപ്ലൈൻ എന്ന സംഘടന മുഖേനയാണു കേന്ദ്രത്തിൽ എത്തിക്കുന്നത്. യോഗാ കേന്ദ്രത്തിന്റെ വിവിധ ശാഖകളിൽ രാത്രിയും പകലും പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നു. സ്ത്രീകളെ തടങ്കലിൽ വയ്ക്കാൻ 10,000 മുതൽ ലക്ഷങ്ങൾ വരെയാണ് യോഗാകേന്ദ്രം ഈടാക്കുന്നത്. ഈ സ്ത്രീകളെ വിവാഹം ചെയ്യണമെങ്കിൽ ഇതര മതസ്ഥർ ഹിന്ദു മതം സ്വീകരിക്കണമെന്ന് ഇവർ നിർബന്ധിക്കുന്നു.
സ്വന്തമായി ബ്ലാക്ക് കാറ്റുകളും ഗുണ്ടകളുമുള്ള സമാന്തര നിയമസംവിധാനമാണ് ഇവിടെയുള്ളത്. ഇതര മതസ്ഥരുമായുള്ള ബന്ധത്തിൽനിന്ന് ഒഴിയാൻ തയാറല്ലാത്തവരെ സ്വന്തം ജീവനക്കാരെ ഉപയോഗിച്ചു കുടുക്കാൻ ശ്രമിക്കും. മനോജ് ഗുരുജിയുടെ ലൈംഗികാതിക്രമം അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവാത്തതിനാലാണ് മറ്റു ചിലർക്കൊപ്പം താൻ മൂന്നു വർഷം മുൻപു സ്ഥാപനം വിട്ടത്-ഹർജിക്കാരൻ പറയുന്നു. ഈ വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാണ്.
എന്നാൽ, കോടതിയുടെ നിർദേശമില്ലാതെ പോലീസ് ഈ മൊഴി രേഖപ്പെടുത്തില്ല. മനോജ് ഗുരുജിയുടെയും സംഘത്തിന്റെയും പ്രവർത്തനം മൂലം ജീവന് ഭീഷണിയുണ്ടെന്നും പോലീസും യോഗാ കേന്ദ്രവും തമ്മിലുള്ള വഴിവിട്ട അടുപ്പമുൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും തന്നെ കേസിൽ കക്ഷി ചേർക്കണമെന്നും ഹർജിയിൽ പറയുന്നു. യോഗാകേന്ദ്രത്തിൽ പീഡനത്തിനിരയായെന്നു വെളിപ്പെടുത്തി ആദ്യം രംഗത്തു വന്ന തൃശൂർ സ്വദേശിനിയായ ഡോ. ശ്വേതാ ഹരിദാസിന്റെ ഭർത്താവ് റിന്റോ ഐസക് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ കക്ഷി ചേരാനാണ് കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, യോഗകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഗുരുജിയെന്ന മനോജിനുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയെന്നു പോലീസ് വ്യക്തമാക്കുന്നു.