പറവൂർ: ആക്രിക്കാരനു നൽകിയ ഉപയോഗശൂന്യമായ വാഷിംഗ് മെഷീനിൽനിന്ന് ചെനീസ് പടക്കങ്ങളും എയർപിസ്റ്റലും കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തൻവേലിക്കര തോണ്ടൽപാലത്തിനു സമീപം മുണ്ടപ്പിള്ളിൽ അരവിന്ദാക്ഷ മേനോന്റെ വീട്ടിലെ വാഷിംഗ് മെഷീനിൽനിന്നാണ് ഇവ കണ്ടെത്തിയത്.
ആക്രിക്കാരന് ഇവ കൈമാറുന്നതിനു മുമ്പു തുറന്നപ്പോഴാണ് ആറ് പടക്കങ്ങൾ കൂട്ടിക്കെട്ടി ഒരു ബോർഡിൽ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചിരിക്കുന്നത് കണ്ടത്. ബോംബെന്ന് കരുതി വീട്ടുകാരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു.
പടക്കങ്ങളാണെന്നു മനസിലായതോടെ ഇവ നിർവീര്യമാക്കി. പടക്കമാണെങ്കിലും സ്ഫോടക വസ്തു കൈവശം വച്ചതുകൊണ്ട് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു. പടക്കങ്ങളിൽ ഇലക്ട്രിക് പാനലും സ്വിച്ചും ഘടിപ്പിച്ചതാണ് പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നത്.
വയോധികർ മാത്രം താമസമുള്ള വീട്ടിൽ അവരറിയാതെ ഇവ കാണപെട്ടതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പോലീസ് കണക്കാക്കുന്നത്. ഇവരെ ഭയപ്പെടുത്തി കവർച്ച നടത്താൻ ആരെങ്കിലും പദ്ധതി തയാറാക്കിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
എങ്ങിനെയാണ് ഇവ മെഷീനിൽ വന്നതെന്ന് അറിയില്ലെന്നാണുവീട്ടുകാർ പറയുന്നത്. 80 വയസുള്ള അരവിന്ദാക്ഷ മേനോനും ഭാര്യയുമാണു വീട്ടിൽ താമസിക്കുന്നത്.
പ്രളയത്തിൽ വെള്ളം കയറി നശിച്ച വാഷിംഗ് മെഷീൻ ഏറെനാളായി വീടിന്റെ പിന്നിൽ വച്ചിരിക്കുകയായിരുന്നു. ആക്രിക്കാരൻ വന്നപ്പോൾ 250 രൂപ വിലയിട്ട് മെഷീൻ കൊടുക്കുകയായിരുന്നു.