തൃക്കരിപ്പൂർ: ട്രോളിംഗ് കാലം മൽസ്യലഭ്യത കുറയുമെന്നു കരുതി തൃക്കരിപ്പൂർ മൽസ്യ മാർക്കറ്റിൽ ചെറു മൽസ്യങ്ങൾ വാങ്ങാൻ എത്തിയവർ ഞെട്ടി. ഒരൊന്നൊന്നര തിരണ്ടി വിൽപനക്കായി വാഹനത്തിൽ ഇറക്കുന്നു. തൂക്കം മൂന്ന് ക്വിന്റലിലധികം വരും.
മടക്കര തുറമുഖത്തു നിന്നും ഓടത്തിൽ പോയ വലക്കാർക്ക് ലഭിച്ച കൂറ്റൻ തിരണ്ടിയാണ് തൃക്കരിപ്പൂർ മൽസ്യ മാർക്കറ്റിൽ വിൽപ്പനക്കെത്തിച്ചത്. ലേലത്തിൽ നാല് പേര് പങ്കെടുത്തെങ്കിലും 20,000 രൂപക്ക് കെ. ഗണേശൻ കൂറ്റൻ തിരണ്ടി സ്വന്തമാക്കി മുറിച്ചു കിലോക്ക് 250 രൂപ വീതം ഒരു മണിക്കൂർ കൊണ്ട് തിരണ്ടി മാർക്കറ്റിൽ നിന്നും വില്പന നടത്തി. ഭീമൻ തിരണ്ടിയെ കാണാനും അടുത്ത് നിന്ന് സെൽഫിയെടുക്കാനും നല്ല തിരക്കായിരുന്നു.