പയ്യന്നൂര്‍: പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷാണ് പിടിയിലായത്.
ഇന്നലെ രാത്രി മട്ടന്നൂര്‍ ചാലോട് നിന്നാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയില്‍ ഇയാള്‍ കുടുങ്ങിയത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടന്ന പല മോഷണക്കേസിന്റെ അന്വേഷണവും ഇയാളിലേക്ക് ചെന്നെത്തിയപ്പോള്‍ പോലീസിന് പിടികൊടുക്കാതെ തന്ത്രപൂര്‍വം രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.
കൂട്ടാളികളില്‍ പലരും പോലീസിന്റെ പിടിയിലായതോടെ ഇയാള്‍ ബംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലുമായാണ് കഴിഞ്ഞത്.
പോലീസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പു ചുമതലകളിലേക്ക് തിരിഞ്ഞതോടെയാണ് ഇയാള്‍ വീണ്ടും കണ്ണൂരിൽ തിരിച്ചെത്തിയത്.
ഈ സൂചന മനസിലാക്കിയ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്.
രണ്ടുദിവസങ്ങളിലായി കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് ഇയാളെ കുടുക്കാനായത്.
ബുധനാഴ്ച രാത്രി പോലീസിന്റെ പിടിയില്‍ നിന്നും വഴുതിപ്പോയ ഇയാളെ പയ്യന്നൂര്‍ സിഐ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത്, അഡീഷണല്‍ എസ്ഐ മനോഹരന്, എഎസ്ഐ എ.ജി. അബ്ദുള്‍ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടി അറസ്റ്റ് ചെയ്തത്.
മോഷണം നടത്തി മുങ്ങും, പിന്നെ പൊങ്ങുന്നത് അടുത്ത മോഷണത്തിന്
പയ്യന്നൂർ: മോഷണം നടത്തിയിട്ട് ഒറ്റ മുങ്ങലാണ്. പിന്നെ പൊങ്ങുന്നത് വീണ്ടും മോഷണം നടത്താനാണ്. ഇതാണ് തൊരപ്പൻ സന്തോഷിന്റെ പതിവുശൈലി. ഒരു ദിവസം ഒരു മോഷണത്തിൽ ഒതുങ്ങില്ല, രണ്ടും മൂന്നും മോഷണമെങ്കിലും ഇയാൾ നടത്തും.
സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനാൽ പോലീസിന് പിടിക്കാനും സാധിച്ചിരുന്നില്ല. ഇയാളുടെ സുഹൃത്ത് അടുത്തിടെ പോലീസിന്റെ പിടിയിലായിരുന്നു.
അവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊരപ്പനെ കുടുക്കിയത്. കണ്ണൂർ റൂറൽ എസ്പിയുടെയും കാസർഗോഡ് എസ്പിയുടെയും നേതൃത്വത്തിൽ തൊരപ്പൻ സന്തോഷിനെ പിടിക്കാൻ ഒരു പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ച കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടത്തിയ കവര്‍ച്ചകളിലും മട്ടന്നൂര്‍, ഇരിട്ടി, കാസര്‍ഗോഡ്, മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളില്‍ നടന്ന നിരവധി കവര്‍ച്ച കേസുകളിലും ഇയാള്‍ പ്രതിയാണ്.
പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തില്‍നിന്ന് കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തില്‍ വൈപ്പിരിയത്തെ ആഗ്ര ടൈല്സില്നിന്ന് നിരീക്ഷണ കാമറകള്‍ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ച സംഭവവുമുള്പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചുമരില്‍ വളരെ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിയുള്ള കവര്‍ച്ചകളാണ് ഇയാളുടെ പതിവുരീതി. ഇതിലൂടെയാണ് ഇയാള്‍ക്ക് തൊരപ്പന് സന്തോഷ് എന്ന പേര് വീണത്.
പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസൽ ട്രേഡിംഗ് കന്പിനിയിലെ ചുമര് തുരന്ന് മുക്കാല്‍ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ കവര്‍ച്ചയിലെ ഇയാളുടെ കൂട്ടാളിയായ മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് ഹൗസില്‍ കെ.വിജേഷ് (27), പാലാവയലിലെ വാഴപ്പള്ളി ഹൗസില്‍ ജസ്റ്റിന് (22) എന്നിവരെ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ജനുവരി 30ന് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തൊരപ്പന് സന്തോഷുള്പ്പെട്ട കവര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലേക്ക് തൊരപ്പന് സന്തോഷ് കൊണ്ടുപോയ പൂച്ചെടികള്‍ വൈപ്പിരിയത്തെ നഴ്സറിയില്‍ നിന്നും മോഷ്ടിക്കാന്‍ ഒപ്പമുണ്ടായിരുന്നത് ഇവരാണെന്നും പോലീസിനോട് സമ്മതിച്ചിരുന്നു.
വലിയ ഒരു കവര്‍ച്ചയ്ക്കായുള്ള നീക്കത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ഇടതടവില്ലാത്ത കവര്‍ച്ചകളിലൂടെ തലവേദനയായി മാറിയ ഇയാളുടെ അറസ്റ്റോടെ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വ്യാപാരികള്‍ക്കാണ് കൂടുതല്‍ ആശ്വാസമായത്.