തിരുമാറാടി: നൂലുകൾ കൊണ്ട് ചിത്രം വരച്ച് ശ്രദ്ധ നേടുകയാണ് തിരുമാറാടിയിലെ അഭിനന്ദ്. ചിത്രകലയിൽ ഒട്ടേറെ പരിചിതമായ രീതികളുണ്ടെങ്കിലും അഭിനന്ദ് നൂലിലാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ത്രഡ് ആർട്ട് എന്നാൽ അത്രക്ക് ആർക്കും സുപരിചിതമല്ല.
ഇത്തിരി വിഷമവും കഠിനാധ്വാനവും ആവശ്യമാണ്. തിരുമാറാടി പാണുകുന്നേൽ സനിൽ ചന്ദ്രന്റേയും സിന്ധുവിന്റേയും മകനാണ് അഭിനന്ദ്. പാന്പാക്കുട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ്.
50 മണിക്കൂർ എടുത്താണ് അഭിനന്ദ് ആദ്യമായി ത്രഡ് ആർട്ട് ഒരുക്കിയത് സ്വന്തം മുത്തച്ഛന്റെ ചിത്രം. യൂടൂബ് ചാനലിൽ കണ്ട വീഡിയോ പരീക്ഷിക്കുകയായിരുന്നു. പിന്നീട് ഗൂഗിളിന്റെ സഹായത്തോടെ സ്വയം പഠിച്ചെടുത്തു.
രണ്ടാമത്തേയും മൂന്നാമത്തേയും ചിത്രത്തിന് 20 മണിക്കൂറേ എടുത്തുള്ളു. 3000 മീറ്റർ നൂലും 230 ആണികളും വേണം ഒരു ചിത്രം തയാറാക്കാൻ. മുത്തച്ഛൻ ചന്ദ്രൻ, മുത്തശി വിലാസിനി എന്നിവരുടേയും ശ്രീനാരായണ ഗുരുവിന്റേയും ചിത്രങ്ങൾ പൂർത്തീകരിച്ചു.
പിതാവ് സനിലിന്റെ ബുള്ളറ്റ് ആരുടേയും സഹായമില്ലാതെ സ്വയം എഞ്ചിൻ പൂർണമായി അഴിച്ച് പണിതു. യൂട്യൂബിന്റെ സഹായത്തോടെ വീഡിയോകൾ കണ്ടാണ് എഞ്ചിൻ പൂർണമായി അഴിച്ച് പണിതത്.
ഗവ. കോണ്ട്രാക്ടറായ സനിലിന് സ്വന്തമായി ഉപകരണങ്ങളുണ്ട്. ഇതുപയോഗിച്ചാണ് ബുള്ളറ്റിന്റെ എഞ്ചിൻപണി പൂർത്തീകരിച്ചത്.
ഏഴാം ക്ലാസിൽ പഠിക്കുന്പോൾ വെള്ളം ഊർജമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ മോഡൽ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലായി ഉപയോഗിച്ചിരുന്നു. ഇതിന് സമ്മാനവും കിട്ടി.
കൂടാതെ ജീപ്പ്, ലോറി, സ്വന്തംവീടിന്റെ മാതൃക വരെ തടി, മൾട്ടിവുഡ്, പിവിസി പൈപ്പ് എന്നിവ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. ത്രഡ് ആർട്ടിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുവാനാണ് അഭിനന്ദിന്റെ ശ്രമം.