തിരുവല്ല: പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീടിനു സമീപത്തുനിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി.
വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കഴിഞ്ഞ 27ന് കടവന്ത്രയിൽ പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സ്ത്രീകളെ കഴുത്തറുത്ത് കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്നാണ് പോലീസ് നൽകുന്ന വിവരം.
സംഭവത്തിൽ തിരുവല്ല സ്വദേശികളായ ദന്പതികളും പെരുന്പാവൂർ സ്വദേശിയായ ഏജന്‍റും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പെരുന്പാവൂർക്കാരനായ ഏജന്‍റ് ഷിഹാബ് എന്ന റഷീദ് തിരുവല്ല സ്വദേശിയായ ഭഗവലിനെയും ഭാര്യ ലൈലയെയും സമീപിച്ചത്.
പെരുന്പാവൂരിലുള്ള ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാൽ കുടുംബത്ത് സാന്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു.
പിന്നീട് പെരുന്പാവൂർ സ്വദേശി ഷിഹാബ് എന്ന പേരിൽ ഇയാൾ നേരിട്ട് ദന്പതികളുടെ മുന്നിലെത്തി.
50കാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനുശേഷം കഴിഞ്ഞ 27 മുതൽ പൊന്നുരുന്നിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അറുപതുകാരി പത്മത്തെ കാണാതായതായി കാണിച്ച് ബന്ധുക്കൾ കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലേക്ക് കടത്തിക്കൊണ്ടുപോയ കാറിന്‍റെ വിവരം പോലീസിനു ലഭിച്ചു.
കൊച്ചിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൊബൈൽ സിഗ്നൽ പത്തനംതിട്ട തിരുവല്ലയാണ് കാണിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏജന്‍റ് പിടിയിലാകുന്നത്.
തുടർന്ന് തിരുവല്ല സ്വദേശിയായ വൈദ്യനും ഭാര്യയും പോലീസ് പിടിയിലായത്. ഇവർ ഏജന്‍റിന് എത്ര രൂപ നൽകിയെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.