നാദാപുരം: വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് കർശന നിയന്ത്രണവുമായി നാട്ടുകാർ രംഗത്ത്. ജില്ലക്കകത്തും, പുറത്ത് നിന്നും എത്തുന്ന സന്ദർശകരെ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.
ഇതിന്റെ പ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പർ കെ.ടി.ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളു. രാത്രി വരുന്നവരെ മടക്കി അയക്കുന്നതായിരിക്കും.
സന്ദർശകർ കൊണ്ട് വരുന്ന പ്ലാസ്റ്റിക്ക് ഉൾപെടെയുള്ള മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മദ്യപാനികളുടെ അഴിഞ്ഞാട്ടവും നാട്ടുകാർക്ക് ദുരിതമായി. പ്രദേശവാസികളുമായി പലപ്പോഴും സംഘർഷത്തിൽ കലാശിച്ചിരുന്നു.
സ്കൂൾ കോളജ് വിദ്യാർത്ഥികൾ ക്ലാസുകൾ ഒഴിവാക്കി ഇവിടങ്ങളിൽ കേന്ദ്രീകരിക്കുന്നതും പതിവായി. മഴക്കാലമായതോടെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തുന്നത്. കുടുംബങ്ങളായി വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് നല്ല അന്തരിഷം ഉണ്ടാക്കേണ്ടത് നാട്ടുകാരുടെയും ആവിശ്യമായി വന്നതോടെയാണ് നാട്ടുകാർ ജനകീയ കമ്മിറ്റിയുമായി എത്തിയത്.