തിരൂർ: രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന തിരൂരിനടുത്ത വെട്ടം പറവണ്ണയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഒന്പതരയോടെയാണ് സംഭവം. കൂട്ടായി തേവർ കടപ്പുറം സ്വദേശികളായ ഉണ്ണിയാപ്പന്റെ പുരക്കൽ ലത്തീഫിന്റെ മകൻ സൗഫീർ (25), പുളിങ്ങോട് ഹനീഫയുടെ മകൻ അഫ്സാർ (22) എന്നിവർക്കാണു വെട്ടേറ്റത്.
പറവണ്ണ റഹ്മത്ത് നഗർ ബീച്ചിൽ കൂട്ടുകാരോടൊപ്പം കിടക്കുകയായിരുന്ന ഇരുവരെയും ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഘം വരുന്നതു കണ്ടതോടെ പരിഭ്രാന്തരായ സിപിഎം പ്രവർത്തകർ ചിതറിയോടിയെങ്കിലും അഫ്സാറും സൗഫീറും ബീച്ചിലെ മണൽ പരപ്പിൽ വീഴുകയായിരുന്നു.
വീണ ഇരുവരെയും അക്രമികൾ വെട്ടുകയായിരുന്നു. രണ്ടു പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സൗഫീറിനു തലയുടെ പിറകിലും അഫ്സാറിനു കൈകാലുകൾക്കുമാണ് വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. അഫ്സാറിന്റെ കൈവിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.
പരിക്കു ഗുരുതരമായതിനാൽ ഇരുവരുടെയും മൊഴി രേഖപ്പെടുത്താനായിട്ടില്ല. സംഭവത്തെക്കുറിച്ചു വിവരങ്ങൾ ലഭ്യമായാലേ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിക്കൂ. പറവണ്ണയിലും പരിസരത്തും കനത്ത പോലീസ് കാവലുണ്ട്. പട്രോളിംഗും ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിനു പിന്നിൽ മുസ്്ലിംലീഗാണെന്ന് സിപിഎം ആരോപിച്ചു. നേരത്തെ ആക്രമക്കേസുകളിൽ ഉൾപ്പെട്ടവരാണ് സംഭവത്തിനു പിന്നിലെന്നു പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.