സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കീമോ തെറാപ്പി ചെയ്യാനുള്ള രോഗികൾ കയ്യിൽ പതിനായിരം രൂപ കരുതിയിട്ട് ഇങ്ങോട്ടു വന്നാൽ മതി – തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കു വരുന്ന കാൻസർ രോഗികളോട് ഇപ്പോൾ അധികൃതർ പറയുന്നതാണിത്.
തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സക്കുള്ള സൗജന്യ മരുന്നു വിതരണം നിർത്തിയതോടെ ഇവിടെയെത്തുന്ന നിരവധി രോഗികളാണ് ദുരിതമനുഭവിക്കുന്നത്. കീമോതെറാപ്പിക്ക് സൗജന്യമായി നൽകുന്ന മരുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താത്ത മരുന്നാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ രോഗികൾക്ക് ഈ സൗജന്യം നിഷേധിച്ചിരിക്കുന്നത്. ഇതോടെ പാവപ്പെട്ട രോഗികൾ ഈ മരുന്ന് കിട്ടാനായി പതിനായിരത്തിനടുത്ത് രൂപ നൽകേണ്ട സ്ഥിതിയാണ്.
തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന കാൻസർ രോഗികളടക്കം പണം തികയാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്.കയ്യിലെ ഞരന്പുകൾ വഴി നേരിട്ട് രക്തത്തിലേക്ക് നൽകുന്ന രീതിയിലുള്ള മരുന്നുകളാണ് കീമോതെറാപ്പി ചികിത്സക്ക് ഉപയോഗിക്കുന്നത്. ഈ മരുന്ന് ഇതുവരെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വാങ്ങിയിരുന്നത് എച്ച്ഡിസി ഫണ്ടും സർക്കാർ ഫണ്ടും ഉപയോഗിച്ചാണ്.
എന്നാൽ ഈ മരുന്ന് വാങ്ങാനായി സർക്കാർ ഫണ്ട് നൽകുന്നില്ല. വലിയ തുക കുടിശിക വരുത്തിയതിനാൽ ഗവ.മെഡിക്കൽ കോളജിന് മരുന്ന് നൽകാൻ കന്പനിക്കാരും തയ്യാറാകുന്നില്ല. നൂറു രോഗികൾക്കാണ് ഒരു ദിവസം മെഡിക്കൽ കോളജിൽ കീമോതെറാപ്പി ചെയ്യുന്നത്. ആർക്കും സൗജന്യമായി മരുന്നു കൊടുക്കേണ്ടെന്ന തീരുമാനം വന്നതോടെ കാൻസർ രോഗികൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.