സുനിൽ കോട്ടൂർ
കാട്ടാക്കട : നാങ്കളുക്കും കിട്ടി ചാച്ചരത. കൈ വിറച്ചുകൊണ്ട് തന്റെ പേര് ബോർഡിൽ എഴുതുമ്പോൾ അഗസ്ത്യവനത്തിലെ വാലിപ്പാറ സെറ്റിൽമെന്റിലെ തിരുമാല കണ്ണീർ പൊഴിക്കുകയായിരുന്നു. സന്തോഷകണ്ണീർ. തന്റെ ജീവിത സായാഹ്നത്തിൽ 90 കാരി തിരുമാലയ്ക്ക് ഇത് ജീവിത സൗഭാഗ്യമാണ്.
മക്കളും ചെറുമക്കളും അവരുടെ മക്കളുമായി കഴിഞ്ഞ തനിക്ക് കിട്ടിയ എഴുതാനും വായിക്കാനുമുള്ള കഴിവ് അവർ കണ്ണീരീലൂടെ പ്രകടിപ്പിക്കുകയായിരുന്നു. തിരുമാലയ്ക്ക് മാത്രമല്ല നീലമ്മയ്ക്കും മല്ലനും ലക്ഷമിയ്ക്കും ജയക്കും ഒക്കെ കിട്ടിയ സൗഭാഗ്യമാണ് എഴുതാനുള്ള കഴിവ്. ഈ സാക്ഷരതാ ദിനത്തിൽ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഇവർ. 14 വയസുമുതൽ 90 വരെയുള്ളവർക്ക് കിട്ടിയ സ്വകാര്യ അഹങ്കാരവും.
കാടിന്റെ മക്കൾക്ക് എല്ലാം കാടാണ്. അവരുടെ അറിവും അനുഭവവും കാടാണ്. പഠിപ്പിക്കാൻ എത്തുന്നവരെ കണ്ട് ഓടിയൊളിക്കുന്ന കൂട്ടരായ ആദിവാസികൾക്ക് കാടിന് അപ്പുറം ഒരു ലോകമുണ്ടെന്ന് കാണിച്ചു കൊടുത്ത സാക്ഷരതായജ്ഞം അഗസ്ത്യമലനിരകളിൽ പുതിയ ഉണർവാകുന്നു. ഇന്നിവർക്ക് എഴുതാൻ അറിയാം, വായിക്കാൻ അറിയാം.
പട്ടികവർഗ വിഭാഗക്കാർക്കായി സർക്കാർ ചിട്ടപ്പെടുത്തിയ സമഗ്ര എന്ന സാക്ഷരതാ പദ്ധതിയാണ് ഇവർക്ക് ജ്ഞാനം പകർന്നു നൽകിയത.് കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം തന്നെ 25 ഓളം പേർ സാക്ഷരത നേടി കഴിഞ്ഞു. ഇനി കടമ്പ കടക്കാനുള്ളത് 10 പേർ. അഗസ്ത്യവനത്തിലെ വാലിപ്പാറ കേന്ദ്രമാക്കി ആരംഭിച്ച പദ്ധതിയ്ക്ക് ആദിവാസികൾ തന്നെ എതിർപ്പുമായി വന്നു.
അവരെ ഓടിച്ചു വിട്ടു. സർവേ പ്രകാരം 400 ളം ആദിവാസികൾ അജ്ഞരാണ്. അവരുടെ കുട്ടികളെ പോലും പഠിക്കാൻ വിടുന്നില്ല. പഠിച്ചിട്ട് എന്ത് നേടാൻ. ഈ ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. എന്നാൽ സമഗ്രപ്രേരകും കാണി സമുദായ അംഗവുമായ സജികുമാർ ആ വെല്ലുവിളി ഏറ്റെടുത്തു. വീടുകൾ തോറും കയറിയിറങ്ങി ആദിവാസികളെ സംഘടിപ്പിച്ചു. 14 വയസ്സുമുതൽ മുതൽ 90 വരെയുള്ളർ. ആദ്യാക്ഷരം മുതൽ പഠനം.
അഗസ്ത്യമലയിലെ ചോനംപാറ മുതൽ പാറ്റാംപാറവരെയുള്ള ആദിവാസികൾക്കിടയിലെ സാക്ഷരത വട്ട പൂജ്യം ആണെന്ന് സജികുമാർ പറയുന്നു. . ഇത് തരണം ചെയ്താണ് സജി യജ്ഞത്തിന് തുടക്കമിട്ടത്. ഊരുകൾ താണ്ടി പഠന കേന്ദ്രത്തിൽ എത്താൻ കിലോമീറ്ററുകൾ താണ്ടണം.
എങ്കിലും അവരെത്തി. പ്രായമായവർ വരെ . പഠിക്കാനും അവർ ഉത്സാഹിച്ചു. അച്ചടക്കമുള്ള ഇവർ സജിക്ക് മുന്നിൽ വിദ്യാർഥികളായി. ഈ സാക്ഷരതാദിനത്തിൽ ഇവരാണ് താരമെന്ന് സജി പറയുന്നു. ഇന്ന് അവർക്ക് സർട്ടിഫിക്കറ്റും നൽകും. ആറ് മാസമാണ് ഈ പദ്ധതി. എന്നാൽ അത് കൊണ്ട് പൂർണമായ പഠനം ലഭ്യമാകില്ല.
അതിനാൽ തന്നെ പദ്ധതി കാലയളവ് നീട്ടണമെന്നാണ് പൊതുവെ ഉയരുന്ന ആശയം. മാത്രമല്ല കാട്ടിലെ ആദിവാസികൾക്ക് അക്ഷരജ്ഞാനമില്ല. അവരെ കണ്ടെത്തി ഇവിടെ എത്തിക്കണം. അതിനിടെ സാക്ഷരതാ പ്രേരകിന്റെ ഓണറേറിയം പോലും സമയത്തിന് അധികൃതർ നൽകാറില്ല. പട്ടികവർഗ വകുപ്പാണ് ഇത് നൽകേണ്ടത്. എന്നാൽ അത് സമയത്തിന് നൽകാത്തത് ഈ യജ്ഞത്തിനെ സാരമായി ബാധിക്കുന്നുണ്ട്.