തമിഴ്നാട്ടിലെ കുംഭകോണത്തുള്ള സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട കോടികൾ വിലമതിക്കുന്ന സന്യാസി-കവി തിരുമംഗൈ ആൾവാറിന്റെ വെങ്കല വിഗ്രഹം ലണ്ടനിൽനിന്ന് ആരാധനാലയത്തിൽ തിരികെയെത്തിക്കും.
1957നുശേഷം ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം കള്ളക്കടത്തുകാർ വിൽക്കുകയും വിദേശത്തേക്ക് കടത്തുകയുമായിരുന്നു.
1967ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിഗ്രഹം ഏറ്റെടുത്തശേഷം ആഷ്മോലിയൻ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിശദമായ അന്വേഷണത്തിനുശേഷം വിഗ്രഹം തിരികെ നൽകാൻ സമ്മതിച്ചതായി തമിഴ്നാട് ഐഡൽ വിംഗ് സിഐഡി സ്ഥിരീകരിച്ചു. വിഗ്രഹം ഒരു മാസത്തിനകം തമിഴ്നാട്ടിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആൾവാറിന്റെ വിഗ്രഹത്തിനു പുറമെ മൂന്ന് വിഗ്രഹങ്ങൾ കൂടി കവർന്നിരുന്നു. ഇവ അമേരിക്കയിലെ മ്യൂസിയങ്ങളിൽനിന്നു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.