തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ച ബി.എസ്. തിരുമേനിയെ ബുധനാഴ്ച ചേർന്ന മന്ത്രിസഭ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണു മാറ്റി നിയമിച്ചത്. ബിഎസ്തിരുമേനിക്ക് ഒരു മാസത്തിനുള്ളിൽ നാലാമത്തെ സ്ഥലംമാറ്റമാണ്.
പകരം ഇടുക്കി കളക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനാണു പുതിയ ഇടുക്കി കളക്ടർ.കോട്ടയം കളക്ടറായിരുന്ന ബി.എസ്.തിരുമേനിയെ നാലാഴ്ച മുൻപാണ് പ്രവേശന പരീക്ഷാ കമ്മിഷണറും ഹയർസെക്കൻഡറി ഡയറക്ടറുമായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
മെഡിക്കൽ ലീവിലായിരുന്നതിനാൽ അദ്ദേഹത്തിനു പ്രവേശന പരീക്ഷാ നടപടികൾ തുടങ്ങുന്നതിനു മുന്പായി ചുമതലയേൽക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമ്മിഷണർ സ്ഥാനത്തു നിന്നു മാറ്റുകയും ഹയർസെക്കൻഡറി ഡയറക്ടറുടെ മാത്രം ചുമതല നൽകുകയും ചെയ്തു.
ഹയർസെക്കൻഡറി ഡയറക്ടറായി ഏതാനും ദിവസം പ്രവർത്തിച്ചപ്പോഴാണ് കഴിഞ്ഞയാഴ്ച ഡിപിഐ ആയി നിയമിച്ചത്. രണ്ടു ദിവസം മുൻപാണ് ഡിപിഐ ആയി ചുമതലയേറ്റത്. ഇടുക്കി കളക്ടർ ജീവൻ ബാബു ജില്ലക്കാരനായതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തു തുടരാനാവില്ല. അതിനാലാണ് അദ്ദേഹത്തെ മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്.