കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. മൂന്നു വലിയ കുഴികളാണ് സ്റ്റാൻഡിലുള്ളത്. സ്റ്റാൻഡിലേക്ക് ബസ് കയറുന്ന ഭാഗത്താണ് ആദ്യത്തെ കുഴി. ഈ കുഴിയിൽ കയറിയിറങ്ങിയാണ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാൻഡിൽ ഇറങ്ങാനുള്ള യാത്രക്കാർ സീറ്റിൽ നിന്ന് എഴുന്നേൽക്കുന്പോഴാകും ടയർ കുഴിയിൽ കയറിയിറങ്ങുന്നത്. ഈ ഘട്ടത്തിൽ ചിലർ ബാലൻസ് തെറ്റി വീഴുക പതിവാണ്.
പ്രായമായവരും കുട്ടികളുമൊക്കെയാണ് ഇങ്ങനെ വീഴുക. കന്പിയിലും സീറ്റിലും മറ്റും തലയിടിച്ച് വീഴുന്നവരുമുണ്ട്. സ്റ്റാൻഡിനുള്ളിലെ രണ്ടു കുഴികളും ഭീമാകാരമാണ്. ഡ്രൈവർമാർ ഏറെ പണിപ്പെട്ടാണ് കുഴിയിൽ ബസ് കയറ്റിയിറക്കുന്നത്. കോണ്ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കന്പി പുറത്തേക്ക് തള്ളിയ നിലയിലാണ് കാണപ്പെടുന്നത്.
ഇത് ബസുകളുടെ ടയർ കുത്തിക്കീറാൻ സാധ്യതയുള്ളതാണ്. അതിനാൽ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ബസുകൾ അതീവ സുരക്ഷയോടെയാണ് ഓടിച്ചു പോകുന്നത്. കുഴിയടച്ച് ബലപ്പെടുത്തിയില്ലെങ്കിൽ കുഴികളുടെ വലുപ്പും ഇനിയും വർധിക്കും.