കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. ഇന്നു രാവിലെ 7.30നാണു സിനിമാ സ്റ്റെലിൽ സ്വകാര്യ ജീവനക്കാർ തമ്മിലടിച്ചത്.
കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന മില്ലേനിയം ബസിലെ ജീവനക്കാരും കോട്ടയം-പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ക്വീൻ മേരി ബസിലെ ജീവനക്കാരുമാണ് തമ്മിലടിച്ചത്. തർക്കത്തിനൊടുവിൽ ഒരു സംഘം ബസിനുള്ളിൽ കയറി കൂട്ടത്തല്ലും അസഭ്യവർഷവും നടത്തുകയായിരുന്നു.
അടിപിടി കണ്ടതോടെ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ഓടിക്കൂടുകയും സമീപത്തെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഓടി എത്തുകയും ചെയ്തു. ആളുകൾ കൂടിയതോടെ തമ്മിൽ തല്ല് അവസാനിപ്പിച്ചു ബസ് ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു.
സമയത്തെചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങളായി രണ്ടു ബസ് ജീവനക്കാരും തമ്മിൽ സമയത്തെ ചൊല്ലിയുള്ള തർക്കം പതിവായിരുന്നു. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ ഇന്നു രാവിലെ കൂട്ടയടി പൊട്ടുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ വിവരം കോട്ടയം വെസ്റ്റ് പോലീസിൽ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു ബസുകളും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം പതിവാണ്.
മിക്കപ്പോഴും ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകാർ തമ്മിൽ തർക്കം ഉണ്ടാകാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് സമയത്തെ ചൊല്ലിയുള്ള വാക്കു തർക്കം പരസ്യമായ തമ്മിൽ തല്ലിൽ കലാശിക്കുന്നത്.
ഹോണ്‍ അടിച്ചുള്ള വെല്ലുവിളി
ബസുകാർ തമ്മിലുണ്ടാകുന്ന തർക്കത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതു യാത്രക്കാരും സ്റ്റാൻഡിലുള്ളവരുമാണ്. മുന്നിൽ കിടക്കുന്ന ബസുകൾ സ്റ്റാൻഡിൽ നിന്നും പോകുന്നതിനായി പിന്നിൽ കിടക്കുന്ന ബസുകാർ നിർത്താകെ ഹോണ്‍ അടിക്കുന്നതു പലപ്പോഴും യാത്രക്കാർക്കും സ്റ്റാൻഡിലുള്ളവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്്ടിക്കുന്നത്.
ഒട്ടുമിക്ക സമയങ്ങളിലും സ്റ്റാൻഡിനുള്ളിൽ സയമത്തെ ചൊല്ലിയുള്ള ജീവനക്കാരുടെ തർക്കം പതിവാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഹോണ്‍ മുഴക്കിയുള്ള വെല്ലുവിളി. പിന്നിൽ കിടക്കുന്ന ബസുകാർ മിനിറ്റുകളോളം നിർത്താതെ ഹോണ്‍ അടിക്കുകയാണ് ചെയ്യുന്നത്.
ഇതു പതിവായതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ ഹോണ്‍ അടിക്കാൻ പാടില്ലെന്നും തങ്ങൾക്കു വലിയ ബുദ്ധിമുട്ടാണെന്നും ബസ് ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ബസുകാർ ചെവി കൊണ്ടിട്ടില്ല.
പോലീസ് സാന്നിധ്യമില്ല
സ്റ്റാൻഡിൽ ഒരു സമയത്തും പോലീസിന്റെ സാന്നിധ്യമില്ലെന്ന പരാതിയും വ്യാപകമാണ്.പോലീസ് സ്റ്റാൻഡിലുണ്ടെങ്കിൽ ഒരുപരിധിവരെ പ്രശ്നങ്ങൾക്കു കുറവുണ്ട്. സ്റ്റാന്‍ഡിൽ യാചകരുടെ ശല്യം വർധിച്ചിരിക്കുകയാണ്.
യാത്രക്കാർ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്പോൾ പോലും യാചകർ ശല്യം ചെയ്യുന്നതു പതിവാണ്. യാചകർ മദ്യപിച്ചു ലക്കുകെട്ട് അസഭ്യവർഷം നടത്തുന്നതും പതിവാണ്. സ്റ്റാൻഡിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.