കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കോട്ടയം നഗരസഭയുടെ നിലപാട് അനുസരിച്ചു കോംപ്ലക്സ് കെട്ടിടം പൊളിക്കുന്പോൾ വഴിയാധാരമാകുന്ന വ്യാപാരികളെ സംഘടിപ്പിച്ചാണ് പ്രക്ഷോഭത്തിനു എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
അടുത്ത ദിവസം നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്.
വ്യാപാരികളെ വഴിയാധാരമാക്കി കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷമായ എൽഡിഎഫ് സ്വീകരിച്ചതോടെ സംഭവം രാഷ്്ട്രീയ പോരിലേക്കു നീങ്ങുന്നത്.
വൈസ് ചെയർമാൻ ബി. ഗോപകുമാറിനെ ലക്ഷ്യം വച്ചാണ് എൽഡിഎഫിന്റെ നീക്കം. ഭരണപക്ഷത്തുനിന്നും വൈസ് ചെയർമാനെതിരെ വിമർശനമുണ്ട്.
കെട്ടിടം പൊളിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എൽഡിഎഫിന്റെ നിലപാട്. കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടം ബലപ്പെടുത്തണമെങ്കിൽ ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്.
അല്ലാതെ ചിലരുടെ വ്യക്തി താത്പര്യവും അഴിമതി ലക്ഷ്യം വച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണു കെട്ടിടം പൊളിക്കുന്നതെങ്കിൽ അനുവദിക്കില്ലെന്നാണു പ്രതിപക്ഷ നിലപാട്.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലും വിമർശനമുയർന്നു.
യോഗത്തിൽ വൈസ് ചെയർമാന്റെ തന്നിഷ്ട പ്രകാരമുള്ള തീരുമാനത്തിനെതിരെ വിമർശനമുയർന്നു. വ്യാപാരികളെ വഴിയാധാരമാക്കരുതെന്നും കെട്ടിടം പൊളിക്കേണ്ട സാഹചര്യമുണ്ടോ എന്നു വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ കെട്ടിടം പൊളിക്കാവു എന്നു ഭരണ പക്ഷ കൗണ്‍സിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടത്.
ഭരണപരമായ കാര്യങ്ങളിൽ കൂട്ടായ തീരുമാനം കൈക്കള്ളുന്നില്ലെന്നും വിമർശനമുണ്ടായി. മർച്ചന്റ് അസോസിയേഷൻ ഇന്നലെ തിരുനക്കരയിലെ വ്യാപാരികളെ വഴിയാധാരമാക്കരുതെന്നും ഇവർക്കു ബദൽ സംവിധാനം ഉണ്ടാക്കിയതിനുശേഷം മാത്രമേ കടകൾ പൊളിക്കാവു എന്നും രേഖാമൂലം ആവശ്യപ്പെട്ട് ചെയർപേഴ്സനും എല്ലാ കൗണ്‍സിലർമാർക്കും കത്തു നൽകി.
കൗണ്‍സിൽ യോഗത്തിൽ പൊളിക്കലുമായി ബന്ധപ്പെട്ടു എന്തു തീരുമാനമാകുമെന്ന ആകാംഷയിലാണ് വ്യാപാരികൾ.