കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരി ബസ് ഇടിച്ചു മരിച്ച സംഭവമുണ്ടായിട്ടും പോലീസിന് അനക്കമില്ല. ഇന്നു രാവിലെ നല്ല തിരക്കുള്ള സമയത്തു പോലും വാഹന നിയന്ത്രണത്തിന് പോലീസ് എത്തിയിട്ടില്ല. ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് സ്റ്റാൻഡിൽ ബസിറങ്ങിയ യാത്രക്കാരി നടന്നു പോകുന്പോൾ ബസ് ഇടിച്ചു മരിച്ചത്. ഇന്ന് അതേ സമയത്തു പോലും സ്റ്റാൻഡിൽ പോലീസിനെ ഡ്യൂട്ടിക്ക് കണ്ടില്ല. ഉച്ചയ്ക്കത്തെ വെയിലിൽ പോലീസ് പുറത്തിറങ്ങിയില്ലെങ്കിലും രാവിലെയും വൈകുന്നേരവുമുണ്ടാകുന്ന തിരക്കിലെങ്കിലും പോലീസ് ഡ്യൂട്ടി സ്റ്റാൻഡിൽ അത്യാവശ്യമാണ്.
തിരുനക്കര സ്റ്റാൻഡിൽ രണ്ടു തരത്തിലാണ് വാഹനങ്ങൾ കയറിയിറങ്ങുന്നത്. സ്റ്റാൻഡിലെ പടിഞ്ഞാറു ഭാഗത്തെ ടെർമിനലിലൂടെയാണ് വടക്കോട്ടുള്ള ബസുകൾ കയറുന്നത്. ഇവിടെ യാത്രക്കാരെ കയറ്റി ബസ് എയ്ഡ് പോസ്റ്റിനു മുന്നിലൂടെ പുറത്തേക്ക് ഇറങ്ങി പോകും. രണ്ടാമത്തെ ടെർമിനലിൽ ബസ് ആളെ ഇറക്കി പോകാനുള്ളതാണ്.
മൂലേടം, ചിങ്ങവനം, ഭാഗങ്ങളിൽ നിന്നും മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നും ഇറഞ്ഞാൽ, ദേവലോകം ഭാഗങ്ങളിൽ നിന്നും എത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറി ആളെ ഇറക്കിയ ശേഷം നാഗന്പടം സ്റ്റാൻഡിലേക്ക് പോകും. ഇവിടെ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മുഴുവൻ സമയവും പോലീസ് ഡ്യുട്ടി ആവശ്യമുള്ള സ്റ്റാൻഡാണിത്.
മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് ചില ബസുകൾ പെട്ടെന്നു പോകുന്നതിനായി രണ്ടു ടെർമിനലുകൾക്കും ഇടയിലൂടെ പോകുന്ന അവസരമുണ്ട്. ഇത് ഏറെ അപകട സാധ്യതയുള്ളതായി പരാതിയുണ്ട്. അതുപോലെ ബസിനു മുന്നിലൂടെ കടന്നു പോകുന്ന യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവർമാർ ബസ് മുന്നോട്ടെടുക്കുന്നുണ്ട്. ഇന്നലത്തെ അപകടത്തിന് കാരണം അതായിരുന്നു.
ഇതൊക്കെ ഒഴിവാക്കേണ്ടതാണ്. നിയന്ത്രിക്കാൻ പോലീസുണ്ടെങ്കിൽ ഡ്രൈവർമാരെ നിലയ്ക്കു നിർത്താൻ സാധിക്കും. പക്ഷേ അപടകമുണ്ടായി ഒരു ജീവൻ നഷ്ടമായിട്ടു പോലും പോലീസിന് അനക്കമില്ലാത്തതാണ് കഷ്ടം.