കോട്ടയം: യാചകരും മാനസിക അസ്വസ്ഥതയുള്ളവരും തന്പടിച്ചതോടെ തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട്. പുലർച്ചെ മുതൽ യാചകരുടെ ശല്യം തുടങ്ങും. ഇത് വലിയ തോതിൽ യാത്രക്കാരെയും കടക്കാരെയും വലയ്ക്കുകയാണ്. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്നതാണ് യാചക സംഘം. യാചകരിൽ അധികവും ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്. സ്കൂൾ കുട്ടികളെയും ഇവർ വെറുതെ വിടുന്നില്ല.
ബസ് സറ്റാൻഡിലെ ഏതെങ്കിലുമൊരു ഭാഗത്ത് നിൽക്കുന്ന കുട്ടികൾ യാചക ശല്യം കാരണം മാറി നിന്നാൽ അവരെ വിടാതെ പിൻതുടരുന്ന യാചകരുമുണ്ട്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന നിരവധിയാളുകൾ ബസ് സ്റ്റാൻഡിൽ കറങ്ങുന്നുണ്ട്. ഇതിൽ ചിലർ വലിയ ശല്യമൊന്നും അല്ല. എന്നാൽ ചിലർ വലിയ ശബ്ദത്തിൽ ചീത്തവിളിയും ബഹളവുമൊക്കെയുണ്ടാക്കാറുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും അടുത്തു ചെന്ന് ചീത്ത വിളിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കുട്ടികൾ ഭയന്നു മാറുകയാണ് പതിവ്. മാനസിക അസ്വസ്ഥത പ്രകടപ്പിക്കുന്നവരും യാചകരുമെല്ലാം ചില സമയത്ത് സ്റ്റാൻഡിലെ ഇരിപ്പിടം കൈവശപ്പെടുത്തും. ഇതോടെ യാത്രക്കാർക്ക് ഒന്നിരിക്കാനുള്ള സൗകര്യം പോലും ലഭിക്കാറില്ല. മാനസിക അസ്വസ്ഥതയുള്ളവരെ ബസ് സ്റ്റാൻഡ് പോലുള്ള പൊതു സ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കി ചികിത്സയും പുനരധിവാസവും നടപ്പാക്കണമെന്നു നാട്ടുകാർ. ഇവരെ പിടികൂടിയാൽ സംരക്ഷിക്കാനും മറ്റും വലിയ നൂലാമാലകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസും അനങ്ങാത്തത്.