കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ വിളക്ക് ഭക്തി സാന്ദ്രമായി. വലിയവിളക്ക് ദേശവിളക്കായാണ് ആചരിച്ചത്. പടിഞ്ഞാറേ നട, തെക്കേനട, വടക്കേനട എന്നിവിടങ്ങളില്‍ ഒരുക്കിയ ദീപക്കാഴ്ചകള്ക്കൊപ്പം ഇത്തവണ ക്ഷേത്ര മൈതാനവും ദീപപ്രഭയാല്‍ പ്രകാശിതമായി. വൈകുന്നേരത്തോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനു ഭക്തര്‍ ദേശവിളക്ക് തെളിയിക്കാനെത്തി.
വൈകുന്നേരം ആറിന് കാഴ്ചശ്രീബലിയ്ക്കു ശേഷം ദേശവിളക്കിനു തിരുവിതാംകൂര്‍ രാജ കുടുംബാംഗം ഗൗരി ലക്ഷ്മിഭായി ഭദ്രദീപം തെളിയിച്ചു. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന് മുഖ്യാതിഥിയായി. പടിഞ്ഞാറേ നട ഭക്തജന സമിതി, ചൈതന്യ റെസിഡന്റ്സ് അസോസിയേഷന്, തിരുനക്കരക്കുന്ന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് എന്നിവർ ദേശവിളക്കിനു നേതൃത്വം നൽകി.
രാത്രി 9.30ന് നാട്യപൂര്‍ണ സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യശ്രീ രാജേഷ് പാമ്പാടിയുടെ ആനന്ദ നടനം ദേശവിളക്കാഘോഷത്തിനു പൊലിമയേകി. രാത്രി 10 മുതല്‍ 12 വരെയായിരുന്നു ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്ക്. ഒമ്പതാം ഉത്സവമായ ഇന്നു പള്ളിവേട്ടയാണ്. വൈകുന്നേരം ആറിന് കാഴ്ചശ്രീബലി. 8.30ന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള.
രാത്രി 12ന് പള്ളിവേട്ടഎഴുന്നള്ളിപ്പ്. 10ാം ഉത്സവമായ നാളെ തിരുനക്കര തേവരുടെ ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. അന്നേ ദിവസം രാവിലെ ഏഴിന് ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് ആറാട്ടു സദ്യ. പൂലര്‍ച്ചെ 1.30നാണ് ആറാട്ട് എതിരേല്പ്പും ദീപക്കാഴ്ചയും.